ഗ്രീസ്‌മാൻ അസാധാരണതാരം, പക്ഷെ എല്ലാവരെയും തനിക്ക് കളിപ്പിക്കാൻ പറ്റില്ലെന്ന് സെറ്റിയൻ

ഗ്രീസ്‌മാൻ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ രംഗത്ത്. നാളെ നടക്കുന്ന വിയ്യാറയലിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം താരത്തെ കുറിച്ച് കൂടുതൽ സംസാരിച്ചത്. ഗ്രീസ്‌മാൻ അസാധാരണതാരമാണെന്നും എന്നാൽ തനിക്ക് എല്ലാവരെയും കളിപ്പിക്കാൻ സാധിക്കില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗ്രീസ്‌മാൻ വിഷയത്തിൽ സെറ്റിയൻ ഏറെ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. തന്റെ മുൻ ടീമായിരുന്ന അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ അവസാനമിനുട്ടിൽ ഗ്രീസ്‌മാനെ കളത്തിലേക്കിറക്കിയ തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റിവാൾഡോ, താരത്തിന്റെ പിതാവ്, സഹോദരൻ എന്നിവരെ സെറ്റിയനെതിരെ വിമർശനമുയർത്തിയിരുന്നു. ഇതിനെ തുടർന്നാണ് സെറ്റിയൻ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നത്.

” അദ്ദേഹം നല്ല രീതിയിൽ തന്നെയാണ്. ഞാൻ താരവുമായി സംസാരിച്ചിരുന്നു. തീർച്ചയായും നല്ലൊരു പ്രൊഫഷണൽ തന്നെയാണ് അന്റോയിൻ. നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന താരമാണ് അദ്ദേഹം. അസാധാരണമായ ഒരു താരം തന്നെയാണ് ഗ്രീസ്‌മാൻ. അദ്ദേഹം വീണ്ടും കളിക്കുമ്പോൾ ഈ സംഭവവികാസങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ ബാധിക്കുകയില്ല. വളരെ പോസിറ്റീവ് ആയ താരമാണ്. കളിക്കളത്തിലേക്ക് എത്തിയാൽ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്തു തരും.തീർച്ചയായും അദ്ദേഹം ക്ലബിനും ടീമിനും വേണ്ടപ്പെട്ട താരമാണ് ” സെറ്റിയൻ പറഞ്ഞു.

” അദ്ദേഹം ആദ്യഇലവനിൽ കളിക്കുകയാണെങ്കിൽ, അപ്പോൾ നിങ്ങൾ അൻസു ഫാറ്റിയെ കുറിച്ച് എന്നോട് ചോദിക്കും. ഇനി ഫാറ്റി കളിക്കുകയാണെങ്കിൽ നിങ്ങൾ എന്നോട് ഗ്രീസ്‌മാനെ കുറിച്ച് ചോദിക്കും. എല്ലാവരെയും ഒരുമിച്ച് കളിപ്പിക്കാൻ എനിക്ക് സാധിക്കില്ല. എല്ലാവർക്കും മുഴുവൻ സമയവും അനുവദിക്കുന്നതിൽ എനിക്ക് സന്തോഷമേയൊള്ളൂ. പക്ഷെ അവർ ടീമിനെ എന്ത് സംഭാവന ചെയ്യുന്നു എന്ന് കൂടെ നോക്കണം. അതിനാൽ തന്നെ എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. എല്ലാ ടീമുകളിലും ഇത് സാധാരണമാണ്. കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങൾക്ക് ദേഷ്യമുണ്ടാവും. അത് എന്റേതായ തീരുമാനങ്ങളാണ്. അതിന്റെ ഉത്തരവാദിത്യവും എനിക്ക് തന്നെയാണ് ” സെറ്റിയൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *