അഭ്യൂഹങ്ങൾക്ക് വിരാമം,മെസ്സി വിശ്രമം ആവശ്യപ്പെട്ടിട്ടില്ല!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ ക്ലബ്ബ് മത്സരങ്ങൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ പല താരങ്ങൾക്കും പരിക്കേൽക്കുകയും അതുവഴി ലോകകപ്പ് നഷ്ടമാവുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ പിഎസ്ജിയുടെ സൂപ്പർതാരമായ ലയണൽ മെസ്സി വേൾഡ് കപ്പിന് മുന്നേയുള്ള പിഎസ്ജിയുടെ അവസാന മത്സരത്തിൽ കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മെസ്സി വിശ്രമം ആവശ്യപ്പെട്ടു എന്നുമുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു.എന്നാൽ ഈ അഭ്യൂഹങ്ങളെ ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാവരും തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ലെ എക്യുപെ,ആർഎംസി സ്പോർട്സ് എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ലയണൽ മെസ്സി അവസാന മത്സരത്തിൽ ഇതുവരെ വിശ്രമം ആവശ്യപ്പെട്ടിട്ടില്ല,വിശ്രമം ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.വേൾഡ് കപ്പ് വരെയുള്ള എല്ലാ മത്സരങ്ങളും കളിക്കാൻ തന്നെയാണ് മെസ്സിയുടെ തീരുമാനം. ഇന്ന് യുവന്റസിനെതിരെയുള്ള മത്സരത്തിലും ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങും.

എന്നാൽ പിഎസ്ജി പരിശീലകനായ ഗാൾട്ടിയർ മെസ്സിക്ക് വിശ്രമം നൽകുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. ഈ സീസണിൽ ഇതുവരെ മെസ്സിക്ക് വിശ്രമം നൽകിയിട്ടില്ല. ഒരൊറ്റ മത്സരത്തിൽ പോലും പരാജയപ്പെടാതെ ഇപ്പോൾ പിഎസ്ജി കുതിക്കുകയാണ്. 12 ഗോളുകളും 13 അസിസ്റ്റുകളും നേടിയ മെസ്സി ഈ കുതിപ്പിൽ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *