വിനീഷ്യസ് എട്ടാമത്,ബാലൺ ഡി’ഓർ ഒരു കോമഡി തന്നെയെന്ന് നെയ്മർ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 46 ഗോളുകൾ ക്ലബ്ബിന് വേണ്ടി നേടിയ താരം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും സ്വന്തമാക്കിയിരുന്നു.സാഡിയോ മാനെ,ഡി ബ്രൂയിന എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നത്.

അതേസമയം റയലിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസും കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാൽ താരത്തിന് എട്ടാം സ്ഥാനമാണ് നേടാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബാലൺ ഡി’ഓറിനെതിരെ പരിഹാസവുമായി നെയ്മർ ജൂനിയർ രംഗത്ത് വന്നിട്ടുണ്ട്.ഇതൊരു കോമഡി തന്നെയാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.തന്റെ ട്വീറ്റിലൂടെയാണ് നെയ്മർ ഇക്കാര്യം പങ്കുവെച്ചത്.

“തീർച്ചയായും ബെൻസിമ ബാലൺഡി’ഓർ അർഹിച്ചത് തന്നെയാണ്. അദ്ദേഹം ഒരു ടോപ്പ് പ്ലെയറാണ്. എന്നാൽ വിനീഷ്യസ് ജൂനിയർ എട്ടാം സ്ഥാനം നേടിയത് ഒരു കോമഡിയായിട്ടാണ് തോന്നിയത്.മിനിമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എങ്കിലും വരേണ്ട താരമാണ് വിനീഷ്യസ് ” നെയ്മർ കുറിച്ചു.

ബെൻസിമയെ പോലെ തന്നെ കഴിഞ്ഞ സീസണിൽ നേട്ടങ്ങളിൽ വലിയ പങ്കുവഹിക്കാൻ ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിച്ചിട്ടുണ്ട്.ഈ സീസണിലും മികച്ച പ്രകടനമാണ് ഇപ്പോൾ വിനീഷ്യസ് പുറത്തെടുക്കുന്നത്. 7 ഗോളുകളും 5 അസിസ്റ്റുകളും ഈ സീസണിൽ വിനീഷ്യസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *