എംബപ്പേ ജനുവരിയിൽ ക്ലബ്ബ് വിടുമോ? പിഎസ്ജി പരിശീലകൻ പറയുന്നു!

ഇന്നലെയായിരുന്നു പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നത്. അതായത് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു റിപ്പോർട്ട്.പിഎസ്ജി തനിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ തന്നെ ചതിച്ചു എന്നുള്ള ഒരു തോന്നൽ കിലിയൻ എംബപ്പേക്ക് ഉണ്ടായതായും ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോഴിതാ ഈ റൂമറുകളെ തള്ളിക്കളഞ്ഞുകൊണ്ട് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേ മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഒരു പ്രധാനപ്പെട്ട മത്സരത്തിന്റെ തൊട്ടുമുൻപ് ഇത്തരം ഒരു വാർത്ത പുറത്തേക്ക് വന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എംബപ്പേയുമായി ബന്ധപ്പെട്ട ഒരുപാട് സംസാരങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.ഞാൻ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. ഏറ്റവും വലിയ ലക്ഷ്യം എന്നുള്ളത് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണ്.ഇന്ന് അദ്ദേഹത്തിന് മികച്ച ഒരു രാത്രിയായിരുന്നു. താൻ ഒരു മികച്ച താരമാണ് എന്നുള്ളത് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു. അദ്ദേഹം ഈയൊരു ചാമ്പ്യൻഷിപ്പിൽ ശ്രദ്ധ നൽകിയിരിക്കുകയാണ്. ഞങ്ങൾ എല്ലാവരും ഈ മത്സരത്തിൽ ശ്രദ്ധ നൽകിയിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള റൂമറുകൾ പിന്നീട് ചെറിയ ഒരു ന്യൂസ് ആയി മാറുന്നു.ഈ ന്യൂസ് പിന്നീട് ഒരു സ്റ്റേറ്റ്മെന്റ് ആയി മാറുന്നു. ഒരു പ്രധാനപ്പെട്ട മത്സരത്തിന് തൊട്ടുമുന്നേ ഇത്തരമൊരു വാർത്ത പുറത്തേക്ക് വന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു ” പിഎസ്ജി പരിശീലകൻ പറഞ്ഞു.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിൽ എംബപ്പേ കളത്തിലിറങ്ങിയിരുന്നു. പെനാൽറ്റിയിലൂടെ പിഎസ്ജിയുടെ ഗോൾ നേടിയതും എംബപ്പേയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *