ഒമോനിയക്കെതിരെയുള്ള പ്രകടനം, യുണൈറ്റഡിനെ പിന്തുണച്ച് ടെൻ ഹാഗ്!

ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് ഒമോനിയയെ പരാജയപ്പെടുത്തിയത്. എതിരാളികൾ ദുർബലരാണെങ്കിലും ഏറെ പണിപ്പെട്ടു കൊണ്ടാണ് യുണൈറ്റഡ് വിജയം നേടിയത്. മത്സരത്തിൽ പിറകോട്ട് പോയ യുണൈറ്റഡ് പിന്നീട് തിരിച്ചടിച്ചുകൊണ്ട് വിജയം നേടുകയായിരുന്നു.

വിജയം നേടിയെങ്കിലും ഒരുപാട് വിമർശനങ്ങൾ യുണൈറ്റഡിന് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ടീമിനെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ പരിശീലകനായ ടെൻഹാഗ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിൽ തിരിച്ചുവരാനുള്ള ഒരു മെന്റാലിറ്റി യുണൈറ്റഡ് കാണിച്ചുവെന്നും അത് പോസിറ്റീവായ ഘടകമാണ് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ ഗോൾ വഴങ്ങിയതിനുശേഷമുള്ള 10 മിനിറ്റുകൾ മോശമായിരുന്നു. എളുപ്പമുള്ള എതിരാളികളായിരുന്നില്ല ഇവർ. ഞങ്ങൾ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട് ഞങ്ങൾ തിരിച്ചുവരികയായിരുന്നു. ആ മെന്റാലിറ്റി വളരെ പോസിറ്റീവ് ആയ ഒരു ഘടകമാണ്.ഈ മത്സരത്തെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. മിസ്റ്റേക്കുകൾ പറ്റുന്ന ഒന്നാണ് ഫുട്ബോൾ. തുടക്കത്തിൽ ഞങ്ങൾ നല്ല രൂപത്തിൽ തന്നെയാണ് കളിച്ചത്.പക്ഷേ ഗോൾ നേടാൻ കഴിഞ്ഞില്ല എന്നുള്ളത് മാത്രമാണ് സംഭവിച്ചത്.നിങ്ങൾ ഒരു ഗോൾ നേടിക്കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായിരിക്കും.പക്ഷേ ഞങ്ങൾ ഗോൾ വഴങ്ങുകയാണ് ചെയ്തത്.അത് കാര്യങ്ങളെ കൂടുതൽ മോശമാക്കി. പക്ഷേ രണ്ടാം പകുതിക്ക് ശേഷം ഞങ്ങൾ തിരിച്ചടിച്ചു ” ടെൻ ഹാഗ് പറഞ്ഞു.

അതായാലും യുണൈറ്റഡ് ഇപ്പോഴത്തെ പ്രകടനത്തിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല. കഴിഞ്ഞ ഡർബി പോരാട്ടത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് സിറ്റിക്ക് മുന്നിൽ തകർന്നടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *