എന്നെ ശല്യപ്പെടുത്താൻ വേണ്ടിയാണ് ലാപോർട്ട അത് ചെയ്തത് : വൈനാൾഡത്തിന്റെ കാര്യത്തിൽ ആഞ്ഞടിച്ച് കൂമാൻ!
2021-ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിവർപൂളിന്റെ ഡച്ച് സൂപ്പർതാരമായ വൈനാൾഡം ക്ലബ്ബ് വിട്ടത്.ഫ്രീ ഏജന്റായിരുന്ന താരത്തെ സ്വന്തമാക്കാൻ വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു. ബാഴ്സയുടെ പരിശീലകനായിരുന്ന റൊണാൾഡ് കൂമാനായിരുന്നു താരത്തിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ആ ട്രാൻസ്ഫർ നടക്കാതെ പോവുകയും വൈനാൾഡം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വൈനാൾഡം ബാഴ്സയിലേക്ക് എത്താതിരിക്കാൻ കാരണം പ്രസിഡന്റ് ലാപോർട്ടയാണ് എന്നുള്ളത് കൂമാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ ശല്യപ്പെടുത്താൻ എപ്പോഴും ബാഴ്സ പ്രസിഡന്റ് ആഗ്രഹിച്ചിരുന്നുവെന്നും കൂമാൻ ആരോപിച്ചിട്ടുണ്ട്.AD എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂമാന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 22, 2022
” ബാഴ്സക്ക് വേണ്ട വൈനാൾഡത്തെ സൈൻ ചെയ്യാൻ വേണ്ടി ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ ഞാൻ പരാജയപ്പെട്ടു പോയി. എന്തെന്നാൽ ബാഴ്സ പ്രസിഡന്റ് എപ്പോഴും എന്നെ ശല്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു. താരങ്ങളെ കൊണ്ടുവരുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം താൽപര്യം കാണിച്ചിരുന്നത് എന്നെ ശല്യപ്പെടുത്തുന്നതിനായിരുന്നു. അതുകൊണ്ടാണ് വൈനാൾഡത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടത്. അദ്ദേഹം പിന്നീട് പിഎസ്ജിയെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രസിഡന്റിന്റെ ഈയൊരു ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം ബാഴ്സയിൽ കളിക്കുമായിരുന്നു” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയിലേക്ക് പോയ വൈനാൾഡത്തിന് അവിടെ അവസരങ്ങൾ കുറവായിരുന്നു. മാത്രമല്ല മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതോടുകൂടി താരം ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയിലേക്ക് ചേക്കേറുകയായിരുന്നു. നിലവിൽ മൊറീഞ്ഞോക്ക് കീഴിലാണ് വൈനാൾഡം കളിച്ചുകൊണ്ടിരിക്കുന്നത്.