നെയ്മർക്കൊപ്പം വേൾഡ് കപ്പിൽ ആരിറങ്ങും? ബ്രസീലിന്റെ മുന്നേറ്റ നിരയിൽ കടുത്ത പോരാട്ടം!
വരുന്ന ഖത്തർ വേൾഡ് കപ്പിലെ പ്രധാനപ്പെട്ട കിരീട ഫേവറേറ്റുകളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. വലിയ പ്രതീക്ഷകളോടുകൂടിയാണ് ഇത്തവണ ബ്രസീൽ വേൾഡ് കപ്പിന് വരുന്നത്. നിലവിൽ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും ബ്രസീൽ തന്നെയാണ്.
നിലവിൽ ബ്രസീൽ ടീമിലെ താരങ്ങളെല്ലാം തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആ പ്രകടനം ബ്രസീലിന്റെ ജേഴ്സിയിലും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്രസീലിന്റെ വേൾഡ് കപ്പ് ടീമിൽ ആരൊക്കെ ഇടം നേടും എന്നുള്ളതും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്.
ഏറ്റവും കൂടുതൽ പോരാട്ടം നടക്കുന്നത് മുന്നേറ്റ നിരയിലാണ്. സൂപ്പർ താരം നെയ്മർ ജൂനിയർക്ക് മുന്നേറ്റ നിരയിൽ സ്ഥാനം ഉറപ്പാണ്. എന്നാൽ നെയ്മർക്കൊപ്പം ആരൊക്കെ ഇറങ്ങുമെന്നാണ് ആരാധകർക്ക് അറിയേണ്ടത്.
കഴിഞ്ഞ സീസണിലും ഈ സീസണിലും റയലിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന വിനീഷ്യസ് ജൂനിയർക്കാണ് വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. കൂടെ ബാഴ്സയുടെ സൂപ്പർതാരമായ റാഫീഞ്ഞയും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
— Murshid Ramankulam (@Mohamme71783726) September 21, 2022
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായ ആന്റണി ഇവർക്കൊക്കെ വെല്ലുവിളി ഉയർത്തുന്ന താരമാണ്. മാത്രമല്ല റോഡ്രിഗോ ഗോസും റയലിനെ വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ട്. താരത്തെയും ഒരുപക്ഷേ പരിശീലകനായ ടിറ്റെ പരിഗണിച്ചേക്കും.മാർട്ടിനെല്ലിയെ ബ്രസീൽ ടീം പരിഗണിക്കുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്
സ്ട്രൈക്കർ റോളിൽ പ്രധാനമായും രണ്ട് താരങ്ങളാണ് പോരടിക്കുന്നത്.റിച്ചാർലീസൺ, ഗബ്രിയേൽ ജീസസ് എന്നിവരാണ് ഈ താരങ്ങൾ. സമീപകാലത്ത് പെഡ്രോയും മികച്ച രൂപത്തിൽ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരൊക്കെയും മുന്നേറ്റ നിരയിൽ സ്ഥാനത്തിന് വേണ്ടി പോരാട്ടം നടത്തിയേക്കും.
ഏതായാലും ഇവരിൽനിന്ന് മൂന്നോ നാലോ താരങ്ങളെ തിരഞ്ഞെടുക്കുക എന്നുള്ളത് ടിറ്റെക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. നിലവിൽ നെയ്മർ ജൂനിയർക്ക് മാത്രമാണ് തന്റെ സ്ഥാനത്തിൽ ഉറപ്പ് പറയാൻ സാധിക്കുക.