ഞാൻ വളരെ ഹാപ്പിയാണ് : നൂറിന്റെ നിറവിലുള്ള നെയ്മർ പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഈ ഗോളിന് അസിസ്റ്റ് നൽകിയത് മറ്റൊരു സൂപ്പർതാരമായ നെയ്മർ ജൂനിയറായിരുന്നു. ഇന്നലത്തെ മത്സരത്തോടുകൂടി ലീഗ് വണ്ണിൽ നൂറ് മത്സരങ്ങൾ പൂർത്തിയാക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. 77 ഗോളുകളും 44 അസിസ്റ്റുകളുമായി 100 മത്സരങ്ങളിൽ നിന്ന് 121 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ കഴിഞ്ഞതും നെയ്മറുടെ നേട്ടമാണ്.
ഏതായാലും ലീഗ് വണ്ണിൽ 100 മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ നെയ്മർ ജൂനിയർ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.താൻ വളരെയധികം ഹാപ്പിയാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. കടുത്ത എതിരാളികളെയാണ് തങ്ങൾക്ക് നേരിടേണ്ടിവന്നതെന്നും എന്നാൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെന്നും നെയ്മർ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Neymar has 121 goal involvements in 100 Ligue 1 appearances 🇧🇷 pic.twitter.com/JM1Ou6xRP2
— GOAL (@goal) September 18, 2022
“പിഎസ്ജിക്കൊപ്പം ലീഗ് വണ്ണിൽ 100 മത്സരങ്ങൾ കളിക്കാനായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.മാത്രമല്ല ഈ മത്സരം വിജയിച്ച കാര്യത്തിലും ഞാൻ വളരെയധികം ഹാപ്പിയാണ്.ഞങ്ങൾ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ പുറത്തെടുത്തിട്ടുള്ളത്. കടുത്ത എതിരാളികൾക്കെതിരെയായിരുന്നു മത്സരം.ബുദ്ധിമുട്ടാവുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്ന ഒരു മത്സരമാണ് ഇപ്പോൾ വിജയിച്ചിട്ടുള്ളത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചത് കൊണ്ടാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.അങ്ങനെ പ്രകടനം നടത്താനായി എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നെയ്മർ ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ 11 മത്സരങ്ങൾ കളിച്ച നെയ്മർ 19 ഗോൾ പങ്കാളിത്തങ്ങൾ നേടിക്കഴിഞ്ഞു.11 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഇപ്പോൾ നെയ്മറുടെ സമ്പാദ്യം.