വിമർശനങ്ങളും നെഗറ്റിവിറ്റിയും, മുൻ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് വാൻ ഡൈക്ക്!

ഈ സീസണിൽ ഒരു മോശം തുടക്കമാണ് വമ്പന്മാരായ ലിവർപൂളിന് ലഭിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം വിജയിച്ചിട്ടുള്ള ലിവർപൂൾ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ നാപ്പോളിയോട് ലിവർപൂൾ തകർന്നടിയുകയും ചെയ്തിരുന്നു.

ഇതോടുകൂടി വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ലിവർപൂളിന് ലഭിച്ചിരുന്നു.പ്രത്യേകിച്ച് ലിവർപൂളിന്റെ മുൻ താരങ്ങൾ തന്നെ ക്ലബ്ബിനെയും താരങ്ങളെയും വിമർശിക്കുകയായിരുന്നു. ഇതിനെതിരെ ലിവർപൂളിന്റെ സൂപ്പർതാരമായ വാൻ ഡൈക്ക് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളെ തള്ളി താഴെ ഇടാനാണ് അവർ ശ്രമിക്കുന്നതെന്നും എന്നാൽ ഞങ്ങൾ അവരെ കാര്യമാക്കുന്നു പോലുമില്ല എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ബിട്ടി സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പുറത്തുള്ളവർ എന്തൊക്കെ പറയുന്നു എന്നുള്ളത് ഞങ്ങൾ കാര്യമാക്കുന്നില്ല.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപാട് മുൻ താരങ്ങൾ ഞങ്ങളെ വിമർശിക്കുന്നു എന്നുള്ളത് തമാശയായി തോന്നുന്നുണ്ട്. എന്തെന്നാൽ ഞങ്ങൾ ഏത് രൂപത്തിലുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നുള്ളത് അവർക്ക് നന്നായി അറിയാം.എന്നിട്ടും അവർ ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങളെ തള്ളി താഴെയിടാൻ ശ്രമിക്കുന്നു. കഴിഞ്ഞ നാപ്പോളി ക്കെതിരെയുള്ള മത്സരത്തിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്തതാണ് എന്നുള്ളത് ഞങ്ങൾക്കറിയാം.അത് വളരെ മോശമായിരുന്നു. പക്ഷേ അതിൽ നിന്നും തിരിച്ചെത്താനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അയാക്സിനെ പരാജയപ്പെടുത്താൻ സാധിച്ചത് ലിവർപൂളിന് ആശ്വാസം നൽകുന്ന കാര്യമാണ്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,മാറ്റിപ്പ് എന്നിവരായിരുന്നു ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *