റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞ് സൗദി അറേബ്യൻ പ്രസിഡണ്ട്, ജനുവരിയിൽ സാധ്യമാകുമോ?

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ അനുയോജ്യമായ ക്ലബ്ബ് കണ്ടെത്താനാവാതെ വന്നതോടെ അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.മിഡിൽ ഈസ്റ്റ് ക്ലബ്ബുകളിൽ നിന്നും വലിയ ഓഫറുകൾ റൊണാൾഡോക്ക് ലഭിച്ചിരുന്നുവെങ്കിലും അതെല്ലാം താരം തള്ളിക്കളയുകയായിരുന്നു.

ഏതായാലും റൊണാൾഡോയെ സ്വന്തമാക്കുക എന്നുള്ള സ്വപ്നത്തിൽ നിന്നും സൗദി അറേബ്യൻ ക്ലബ്ബുകൾ ഇപ്പോഴും പിന്മാറിയിട്ടില്ല.സൗദി അറേബ്യയുടെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് തന്നെ ഇക്കാര്യം ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും റൊണാൾഡോക്ക് വേണ്ടി സൗദി ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയേക്കും. ഏതായാലും സൗദി FA യുടെ പ്രസിഡന്റായ യാസർ അൽ മിസെഹൽ ഇതേക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോ സൗദി ലീഗിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം എത്തുകയാണെങ്കിൽ അത് വലിയൊരു കാര്യമായിരിക്കും. റൊണാൾഡോയുടെ നേട്ടങ്ങളും റെക്കോർഡുകളും എല്ലാവർക്കും അറിയാം എന്നുള്ളത് എനിക്കുറപ്പാണ്. മാത്രമല്ല അദ്ദേഹം വലിയ ഒരു റോൾ മോഡലുമാണ്. എന്തുകൊണ്ട് റൊണാൾഡോയെ ഞങ്ങൾക്ക് എത്തിച്ചുകൂടാ? അതൊരു വളരെയധികം ചിലവേറിയ ഡീലായിരിക്കുമെന്നറിയാം.പക്ഷേ ഞങ്ങളുടെ ക്ലബ്ബുകൾ കൂടുതൽ വരുമാനം നേടുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമുക്ക് കാണാൻ സാധിക്കും.പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള ചില വലിയ താരങ്ങൾ ഇപ്പോൾ സൗദി ലീഗിൽ കളിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. റൊണാൾഡോയെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം ഇവിടേക്ക് വരുന്നതിനെയും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ വരുന്ന ജനുവരിയിൽ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുമോ എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല. ഞാൻ ക്ലബ്ബിന്റെ പ്രസിഡണ്ട് ആയിരുന്നെങ്കിൽ നിങ്ങൾക്ക് ഉത്തരം നൽകുമായിരുന്നു. പക്ഷേ ക്ലബ്ബുകളിലെ എന്റെ സുഹൃത്തുക്കൾ അവരുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാറില്ല ” ഇതാണ് സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

എന്നാൽ റൊണാൾഡോ മിഡിൽ ഈസ്റ്റിലേക്ക് വരാനുള്ള സാധ്യത വളരെയധികം കുറവാണ്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നുള്ളത് തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *