അന്ന് ഘാന വനിതാ ടീമിന്റെ ഭാഗം,ഇന്ന് ചെൽസിയുടെ പരിശീലകൻ,ടുഷെലിന്റെ പകരക്കാരൻ വന്ന വഴി ഇങ്ങനെ!

ചെൽസിയുടെ പരിശീലകനായിരുന്ന തോമസ് ടുഷെലിന്റെ സ്ഥാനം നഷ്ടമായതോടെ ഏവരും ഉറ്റുനോക്കിയിരുന്നത് ആ സ്ഥാനത്തേക്ക് ആര് എത്തുമെന്നുള്ളതായിരുന്നു. തുടക്കം തൊട്ടേ ഇംഗ്ലീഷ് പരിശീലകനായ ഗ്രഹാം പോട്ടറുടെ പേരായിരുന്നു ഉയർന്നു കേട്ടിരുന്നത്. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ചെൽസി അദ്ദേഹത്തെ പരിശീലകനായി നിയമിക്കുകയും ചെയ്തു. അഞ്ച് വർഷത്തെ കരാറിലാണ് പോട്ടർ ചെൽസിയിൽ എത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രയിറ്റണിൽ നിന്നാണ് ഇപ്പോൾ പോട്ടർ ചെൽസിയിൽ എത്തിയിരിക്കുന്നത്.ബ്രയിറ്റണെ വളരെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ ഇദ്ദേഹത്തിന് ഈ സീസണിൽ കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആകെ കളിച്ച ആറുമത്സരങ്ങളിൽ നാലു മത്സരങ്ങളിലും ഇദ്ദേഹത്തിന് കീഴിൽ വിജയിക്കാൻ ബ്രയിറ്റണ് കഴിഞ്ഞു. 13 പോയിന്റ് ഉള്ള ബ്രയിറ്റൺ നിലവിൽ നാലാം സ്ഥാനത്താണ്.

എന്നാൽ പരിശീലകൻ എന്ന നിലയിലുള്ള ഗ്രഹാം പോട്ടറുടെ വളർച്ച ഏറെ അമ്പരപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്.2007-ൽ ഘാന വനിതാ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി കൊണ്ടാണ് ഇദ്ദേഹം തുടക്കം കുറിക്കുന്നത്. പിന്നീട് 2011 ൽ സ്വീഡനിലെ നാലാം ഡിവിഷൻ ക്ലബ്ബായ ഓസ്റ്റേഴ്സണ്ടിന്റെ പരിശീലകനായി കൊണ്ട് ചുമതലയേറ്റു. 2015 ആയപ്പോഴേക്കും നാലാം ഡിവിഷനിൽ നിന്നും ഈ ക്ലബ്ബിനെ ടോപ് ഡിവിഷനിലേക്ക് എത്തിക്കാൻ പോട്ടർക്ക് കഴിഞ്ഞു. 2017 ൽ ഓസ്റ്റേഴ്സണ്ടിന് യുവേഫ യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാനും ഇദ്ദേഹത്തിന് സാധിച്ചു.

തൊട്ടടുത്ത വർഷം ഇദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബായ സ്വാൻസിയുടെ പരിശീലകനായി. പിന്നീട് 2019 ലാണ് ഇദ്ദേഹം ബ്രയിറ്റന്റെ പരിശീലകനായി കൊണ്ട് എത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്രയിറ്റണ് പ്രീമിയർ ലീഗിലെ ഒമ്പതാം സ്ഥാനം നേടി കൊടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

പക്ഷേ തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ പോട്ടർ ഏറ്റെടുത്തിരിക്കുന്നത്.ടുഷെലിന് പകരക്കാരനാവുക എന്നുള്ളത് തന്നെ പോട്ടറുടെ ഭാരം വർദ്ധിപ്പിക്കുന്ന ഒന്നാണ്.പക്ഷേ പ്രീമിയർ ലീഗിലെ പരിചയസമ്പന്നനായ ഇദ്ദേഹം നല്ല രൂപത്തിൽ ടീമിനെ മുന്നോട്ടു നയിക്കും എന്നാണ് ചെൽസി ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *