ഇനി പുതിയ ഫോർമാറ്റ്, അടുത്ത സീസണിലേക്കുള്ള ISL ഫിക്സ്ചർ പുറത്ത്!
2022/23 സീസണിലെക്കുള്ള ISL ന്റെ ഫിക്സ്ചർ ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പോലെ തന്നെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെത് തന്നെയാണ്. ഈസ്റ്റ് ബംഗാളിനെയാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ചയാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ഈ അരങ്ങേറ്റ മത്സരത്തിന് സാക്ഷ്യം വഹിക്കുക.
രണ്ടാമത്തെ മത്സരത്തിൽ ബംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് മത്സരിക്കുക. അതേസമയം ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ 2023 ഫെബ്രുവരി 26-ആം തീയതിയാണ് അവസാനിക്കുക. ആ മത്സരവും ബ്ലാസ്റ്റേഴ്സിന്റെതു തന്നെയാണ്. ഹൈദരാബാദിനെയാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുക.
അതേസമയം ഇത്തവണ ഫോർമാറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതായത് സെമി ഫൈനലിന് മുന്നേ എലിമിനേറ്റർ മത്സരങ്ങൾ കൂടി വരുന്നു എന്നുള്ളതാണ്.
2022-23 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022 ഒക്ടോബർ 7ന് ആരംഭിക്കും! 😍#HeroISL #LetsFootball https://t.co/1BbDQvrjIn
— Indian Super League (@IndSuperLeague) September 1, 2022
അതായത് ആദ്യ എലിമിനേറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും ഏറ്റുമുട്ടും. രണ്ടാം എലിമിനേറ്റർ മത്സരത്തിൽ നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാർക്കും രണ്ടാം സ്ഥാനക്കാർക്കും എലിമിനേറ്റർ കളിക്കാതെ തന്നെ സെമി ഫൈനലിന് യോഗ്യത നേടാൻ കഴിയും. പിന്നീട് ഈ എലിമിനേറ്ററിൽ വിജയിച്ചു വരുന്ന വരെയാണ് സെമിയിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് നേരിടേണ്ടി വരിക. 2023 മാർച്ച് മാസത്തിലാണ് പ്ലേ ഓഫ് മത്സരങ്ങളും സെമി ഫൈനൽ മത്സരങ്ങളും ഫൈനലും നടക്കുക. പുതിയ ഫോർമാറ്റിന്റെ രൂപം താഴെ നൽകുന്നു.