വിശ്വരൂപം പൂണ്ട് മെസ്സിയും നെയ്മറും എംബപ്പേയും,ഗോൾമഴ പെയ്യിച്ച് PSG!
ലീഗ് വണ്ണിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിലും പിഎസ്ജി ഗോൾ മഴ പെയ്യിച്ചപ്പോൾ തകർന്ന് തരിപ്പണമായത് ലില്ലിയാണ്. ഒന്നിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി ലില്ലിയെ കെട്ടുകെട്ടിച്ചത്.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ, എന്നീ മൂന്ന് താരങ്ങൾ തന്നെയാണ് ഈ മാസ്മരിക വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഹാട്രിക്ക് ഗോൾ നേട്ടമാണ് എംബപ്പേ കരസ്ഥമാക്കിയത്. രണ്ടു ഗോളും 3 അസിസ്റ്റുമായി നെയ്മർ തന്റെ മാരക ഫോം തുടരുകയായിരുന്നു. ലയണൽ മെസ്സിയാവട്ടെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.കഴിഞ്ഞ മത്സരത്തിലെ പെനാൽറ്റി ഗേറ്റ് പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്നുള്ളതിന് തെളിവായിരുന്നു ഈ മത്സരത്തിലെ മിന്നുന്ന വിജയം.
മത്സരത്തിന്റെ കിക്കോഫ് മുഴങ്ങിയ ഉടനെ മെസ്സിയുടെ അസിസ്റ്റിൽ നിന്നും എംബപ്പേ ഗോൾ നേടി.അതൊരു തുടക്കം മാത്രമായിരുന്നു.27-ആം മിനുട്ടിൽ മെൻഡസിന്റെ അസിസ്റ്റിൽ നിന്നും മെസ്സിയും 39-ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്ന് ഹക്കീമിയും ഗോൾ നേടി.43-ആം മിനുട്ടിൽ നെയ്മർ തന്റെ ആദ്യ ഗോൾ നേടിയതോടെ പിഎസ്ജി 4-0 എന്ന സ്കോറിന് മുന്നിട്ടുനിന്നു.
🔚 Full time! Six-goal win for @PSG_English at Lille!#LOSCPSG pic.twitter.com/c5QIPavBUJ
— Ligue 1 English (@Ligue1_ENG) August 21, 2022
രണ്ടാം പകുതിയിൽ ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത് നെയ്മറാണ്.ഹക്കീമിയായിരുന്നു അസിസ്റ്റ്. പിന്നീട് എംബപ്പേയുടെ ഊഴമായിരുന്നു.66,87 മിനിട്ടുകളിലാണ് താരം ഗോൾ നേടിയത്. ഈ രണ്ട് ഗോളുകൾക്കും വഴി ഒരുക്കിയത് നെയ്മറാണ്. ഇതിനിടെ ലില്ലി തങ്ങളുടെ ഒരു ആശ്വാസഗോൾ കണ്ടെത്തുകയും ചെയ്തു.
നിലവിൽ ഗാൾട്ടിയർക്ക് കീഴിൽ മിന്നുന്ന ഫോമിലാണ് പിഎസ്ജി മുന്നോട്ട് പോകുന്നത്. മൂന്നിൽ മൂന്നും വിജയിച്ച പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്.