താരങ്ങൾ സഹകരിക്കുന്നില്ല! ബാഴ്സയിൽ സെത്തിയെൻ്റെ നാളുകൾ എണ്ണപ്പെട്ടു?

FC ബാഴ്സലോണയുടെ താരങ്ങൾക്ക് പരിശീലകൻ ക്വീക്കെ സെറ്റിയെനിൽ വിശ്വാസം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഇത് ഡ്രസ്സിംഗ് റൂമിലും ട്രൈനിംഗ് സെഷനുകളിലും മത്സരങ്ങൾക്കിടയിലും എല്ലാം അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. സ്പാനിഷ് മാധ്യമങ്ങളായ മാർക്കയും മുണ്ടോ ഡിപ്പോർട്ടീവോയും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സെൽറ്റാ വിഗോക്കെതിരെ സമനിലയിൽ പിരിഞ്ഞ ശേഷം എവേ മത്സരങ്ങളിൽ ടീമിന് പോയിൻ്റുകൾ നഷ്ടമാകുന്നതിൻ്റെ കാരണം കോച്ചിനോട് ചോദിക്കണം എന്നായിരുന്നു ലൂയി സുവാരസ് പ്രതികരിച്ചത്. ഇത് പരിശീലകൻ്റെ രീതികളോടും തന്ത്രങ്ങളോടുമുള്ള താരങ്ങളുടെ എതിർപ്പിൻ്റെ സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.മത്സരങ്ങൾക്കിടയിലുള്ള കൂളിംഗ് ബ്രേക്ക് സമയത്ത് സെറ്റിയെൻ തൻ്റെ താരങ്ങളോട് സംസാരിക്കാറില്ലെന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സെറ്റിയെൻ്റെ വാക്കുകൾക്ക് ടീമംഗങ്ങളിൽ പലരും ചെവികൊടുക്കാറില്ല എന്നും വിമർശകർ പറയുന്നുണ്ട്. സെറ്റിയെന് പകരം സഹപരിശീലകൻ എഡെർ സറാബിയയാണ് താരങ്ങളോട് സംസാരിക്കാറ്.

ട്രൈനിംഗ് സമയത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. പല പ്രമുഖ താരങ്ങളും സെറ്റിയെൻ്റെ ടാക്ടിക്കൽ വിശകലനങ്ങൾ വെറുതെ സമയം കളയുന്ന ഏർപ്പാടായാണത്രെ കാണുന്നത്. ഇത് ട്രൈനിംഗ് സെഷനുകളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. താരങ്ങളിൽ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് സെറ്റിയനെന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഏണെസ്റ്റോ  വാൽവെർദെയെ പുറത്താക്കി ബാഴ്സ ക്വീക്കെ സെറ്റിയനെ പരിശീലകനാക്കിയത്. എന്നിട്ടും ക്ലബ്ബിൻ്റെ പ്രകടനത്തിൽ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല എവേ മത്സരങ്ങളിലെ പ്രകടനം കൂടുതൽ മോശമാവുകയും ചെയ്തു. ഇതുവരെ ലീഗ് ടേബിളിൽ ഒന്നാമതായിരുന്നതിനാൽ ഈ പ്രശ്നങ്ങൾ അത്ര വെളിവായിരുന്നില്ല. എന്നാലിപ്പോൾ അതെല്ലാം മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും അടുത്ത സീസണിൽ സെറ്റിയെൻ ക്യാമ്പ് നൗവിൽ തുടരാനുള്ള സാധ്യത തീരെ കുറവാണെന്നുമാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *