എംബപ്പേയുടെ മോശം ആറ്റിട്യൂഡ്, പ്രതികരിച്ച് പിഎസ്ജി പരിശീലകൻ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി മോന്റ്പെല്ലിയറിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിക്കൊണ്ട് സൂപ്പർതാരം നെയ്മർ ജൂനിയർ ഒരിക്കൽ കൂടി തിളങ്ങുകയായിരുന്നു.

അതേസമയം ഒരിടവേളക്കുശേഷം സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ താരത്തിന്റെ ആറ്റിട്യൂഡിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.ആദ്യത്തെ പെനാൽറ്റി എടുത്ത താരം അത് നഷ്ടപ്പെടുത്തിയിരുന്നു. മാത്രമല്ല പിഎസ്ജി മുന്നേറ്റം നടത്തുന്നതിനിടയിൽ തനിക്ക് പാസ് ലഭിക്കാത്തതിൽ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് എംബപ്പേ പകുതിക്ക് വെച്ച് തന്റെ ഓട്ടം നിർത്തുകയായിരുന്നു. ഇതിനുപുറമേ ഗോൾ നേടിയ സമയത്ത് എംബപ്പേ അത് ആഘോഷിക്കാതെ തന്റെ ഉള്ളിലുള്ള നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം താരത്തിന്റെ ഈ ആറ്റിറ്റ്യൂഡിനെ കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എംബപ്പേയെ സംബന്ധിച്ചിടത്തോളം ഇത് സാധാരണമാണെന്നും എപ്പോഴും ഗോളുകൾ നേടാൻ ആഗ്രഹിക്കുന്ന താരമാണ് എംബപ്പേ എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പകുതിക്ക് വെച്ച് എംബപ്പേ ഓട്ടം നിർത്തിയത് ഞാൻ കണ്ടിരുന്നു.നമുക്കറിയാം അദ്ദേഹത്തിന് തയ്യാറെടുപ്പുകൾ കുറവായിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് അദ്ദേഹം തന്റെ അവസാനത്തെ മത്സരം കളിച്ചത്. അദ്ദേഹത്തിന്റെ ഫിസിക്കൽ ലെവൽ അത്ര മികച്ചതായിരുന്നില്ല.എംബപ്പേ ഒരു കോമ്പിറ്റീറ്ററാണ്.എപ്പോഴും ഗോളുകൾ നേടാനും മിന്നിത്തിളങ്ങാനും അദ്ദേഹം ആഗ്രഹിക്കുന്നു.എംബപ്പേക്ക് അദ്ദേഹത്തിന്റെ നൂറുശതമാനം കപ്പാസിറ്റിയും പുറത്തെടുക്കേണ്ടതുണ്ട്.കൂടുതൽ ഗോളുകൾ നേടാനും അറ്റാക്ക് ചെയ്യാനും ആഗ്രഹിക്കുന്ന താരമാണ് എംബപ്പേ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നോർമലാണ്. പക്ഷേ സഹതാരങ്ങളെ അപേക്ഷിച്ച് ഫിസിക്കലായി താരം ഒപ്പമെത്തേണ്ടതുണ്ട് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

ഏതായാലും എംബപ്പേയുടെ ഈ മനോഭാവത്തിനെതിരെ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *