മാഞ്ചസ്റ്റർ സിറ്റിയെ ഫൈനലിൽ നേരിടാൻ രണ്ട് സൂപ്പർ താരങ്ങൾ ഉണ്ടാവില്ല : സ്ഥിരീകരിച്ച് ക്ലോപ്
നാളെ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ കരുത്തരായ ലിവർപൂളാണ്. നാളെ രാത്രി ഇന്ത്യൻ സമയം 9:30-ന് ലെസ്റ്ററിൽ വെച്ചാണ് ഈയൊരു ഫൈനൽ മത്സരം അരങ്ങേറുക.
ഈ കലാശ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ സിറ്റിയും ലിവർപൂളുമുള്ളത്.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്നു.ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നേടുകയായിരുന്നു.
ഏതായാലും പുതിയ സീസൺ കിരീടനേട്ടത്തോടുകൂടി ആരംഭിക്കാനാണ് പെപ് ഗ്വാർഡിയോളയും യുർഗൻ ക്ലോപും ലക്ഷ്യമിടുന്നത്. എന്നാൽ ലിവർപൂളിന് സംബന്ധിച്ചിടത്തോളം പരിക്കുകൾ അവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സൂപ്പർതാരങ്ങളായ ആലിസൺ ബക്കർ,ഡിയോഗോ ജോട്ട എന്നിവർക്ക് ഈ മത്സരം നഷ്ടമായേക്കും. ഈ താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ നിലവിൽ ക്ലോപ് ഒരുക്കമല്ല.
Jurgen Klopp rules Liverpool pair out of Manchester City match https://t.co/p8Z4UjS5az
— Manchester City News (@ManCityMEN) July 28, 2022
അതേസമയം പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് മുന്നേ ആലിസൺ ബക്കർ തന്റെ ഫിറ്റ്നസ് വീണ്ടെടുത്തേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഡിയോഗോ ജോട്ട കുറച്ച് കാലം കൂടി പുറത്തിരിക്കേണ്ടി വരും. മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ അയ്മെറിക്ക് ലപോർട്ട പരിക്കിന്റെ പിടിയിലായിരുന്നു. എന്നാൽ താരമിപ്പോൾ പരിശീലനം നടത്തി സജ്ജമായിട്ടുണ്ട്.
പ്രീ സീസണിൽ രണ്ട് മത്സരങ്ങളാണ് ഇതുവരെ സിറ്റി കളിച്ചിട്ടുള്ളത്. ഈ രണ്ടു മത്സരങ്ങളിലും സിറ്റി വിജയം നേടിയിട്ടുണ്ട്. അതേസമയം ആകെ നാല് മത്സരങ്ങൾ ലിവർപൂൾ കളിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ വിജയിക്കുകയും രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. ഏതായാലും ഇരു ടീമുകളെ സംബന്ധിച്ചിടത്തോളവും നാളെ നടക്കുന്ന ഫൈനൽ പ്രധാനപ്പെട്ടത് തന്നെയാണ്.