യുണൈറ്റഡിലെ ‘പിയാനോ കാരിയർ’ ആവണം :ഫ്രഡ്‌ പറയുന്നു!

2018ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഫ്രഡിനെ വലിയൊരു തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് പലപ്പോഴും അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ സമീപകാലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയൊരു റോൾ വഹിക്കാൻ ഈ ബ്രസീലിയൻ താരത്തിന് സാധിക്കുന്നുണ്ട്.

ഏതായാലും വരുന്ന സീസണിലെ തന്റെ റോളിനെ കുറിച്ച് ഫ്രഡ്‌ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് യുണൈറ്റഡിലെ പിയാനോ കാരിയറാവാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഫ്രഡ്‌ പറഞ്ഞിട്ടുള്ളത്. മധ്യനിരയിൽ കൂടുതൽ നിറഞ്ഞു കളിച്ച് കാര്യങ്ങളെ നിയന്ത്രിക്കുന്ന താരമാവാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് ഫ്രഡ്‌ ഉദ്ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ സീസണിൽ റാൾഫിന് കീഴിൽ ഒരല്പം മുന്നോട്ട് കയറിക്കൊണ്ടായിരുന്നു ഞാൻ കളിച്ചിരുന്നത്.ബോക്സിലേക്ക് കടക്കാനും ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും അദ്ദേഹം എനിക്ക് സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.എറിക്ക് ടെൻ ഹാഗ് എന്താണ് എന്നിൽ നിന്നും ആവശ്യപ്പെടുന്നത് എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.ഒരുപക്ഷേ അദ്ദേഹം കൂടുതൽ ബിൽഡ് അപ്പായിരിക്കും ആവശ്യപ്പെടുക. ഗോളുകൾ നേടുന്നതിനേക്കാളുപരി ഞാൻ പ്രാധാന്യം നൽകുന്നത് എന്റെ സഹതാരങ്ങളെ സഹായിക്കുന്നതിനാണ്. കളത്തിലെ പിയാനോ കാരിയറാവാൻ ഞാൻ ആഗ്രഹിക്കുന്നു. സഹതാരങ്ങളെ ഗോൾ നേടാൻ എനിക്ക് സഹായിക്കേണ്ടതുണ്ട്. ഞങ്ങളുടെ ലക്ഷ്യങ്ങൾ കരസ്ഥമാക്കുക എന്നുള്ളതിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത് ” ഇതാണ് ഫ്രഡ്‌ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ നാല് ഗോളുകളും 6 അസിസ്റ്റുകളും കരസ്ഥമാക്കാൻ ഫ്രഡിന് സാധിച്ചിരുന്നു.യുണൈറ്റഡിനു വേണ്ടി ആകെ 150 മത്സരങ്ങളും താരം പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *