ഒരുപാടിഷ്ടമായി,ഇത് ഈ രാജ്യത്തിന്റെ തന്നെ വികാരം : ലയണൽ മെസ്സി പറയുന്നു!
ഈ വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന.ലയണൽ സ്‌കലോണിക്ക് കീഴിൽ മികച്ച പ്രകടനമാണ് സമീപകാലത്ത് അർജന്റീന കാഴ്ച്ചവെക്കുന്നത്. പ്രകടനം വേൾഡ് കപ്പിലും തുടരുമെന്നാണ് അർജന്റൈൻ ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതായാലും വരുന്ന വേൾഡ് കപ്പിനുള്ള തങ്ങളുടെ ജേഴ്സി കഴിഞ്ഞ ദിവസം അർജന്റൈൻ ടീം പുറത്തുവിട്ടിരുന്നു. അർജന്റീനയുടെ പരമ്പരാഗത നിറമായ ആകാശ നീലയും വെള്ളയും തന്നെയാണ് ഈ ജേഴ്സിയുടെ നിറം. പ്രമുഖ നിർമ്മാതാക്കളായ അഡിഡാസാണ് ഈ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏതായാലും ഈ ജേഴ്‌സിയെ കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകാശന വീഡിയോയിൽ തന്നെ സൂപ്പർതാരം ലയണൽ മെസ്സി പങ്കുവെച്ചിട്ടുണ്ട്. ഈ ജേഴ്‌സി തനിക്ക് ഒരുപാട് ഇഷ്ടമായെന്നും വലിയ അഭിമാനത്തോടുകൂടിയായിരിക്കും തങ്ങൾ ഈ ജേഴ്സി അണിയുക എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
#SelecciónArgentina El mensaje de Lionel Messi por la nueva camiseta: "La vamos a llevar con mucho orgullo"
— TyC Sports (@TyCSports) July 9, 2022
La Pulga aseguró que le "gustó mucho" la nueva indumentaria de la Albiceleste. "Es el sentimiento nuestro y de todo el país", dijo.https://t.co/ccQu1Vgvcz
“ജേഴ്‌സി ഒരുപാട് ഇഷ്ടമായിട്ടുണ്ട്. എപ്പോഴത്തെയും പോലെ ഒരുപാട് അഭിമാനത്തോടുകൂടിയാണ് ഞങ്ങൾ ഈ ജേഴ്സി അണിയാൻ പോകുന്നത്. ഈ രാജ്യത്തിന്റെ മുഴുവൻ വികാരമാണ് ഇതെന്ന് ഞങ്ങൾക്കറിയാം. ആ ബോധ്യത്തോട് കൂടി തന്നെയാണ് ഞങ്ങളിത് അണിയുക ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടം ഒരല്പം എളുപ്പമാണ്. പോളണ്ട്,സൗദി അറേബ്യ, മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.