യുണൈറ്റഡ് പ്രതിനിധിയുടെ പ്രസ്താവനയും ഊഹാപോഹങ്ങളും,ക്രിസ്റ്റ്യാനോ കടുത്ത അസംതൃപ്തൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഭാവിയെ കുറിച്ചുള്ള ഒരു അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അദ്ദേഹത്തിന് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡിനൊപ്പം അദ്ദേഹം ഇതുവരെ ചേർന്നിട്ടില്ല. മാത്രമല്ല പ്രി സീസൺ മത്സരങ്ങളിലും അദ്ദേഹം ക്ലബ്ബിനോടൊപ്പമുണ്ടാവില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.നിലവിൽ ലിസ്ബണിലാണ് റൊണാൾഡോയുള്ളത്.

അതേസമയം റൊണാൾഡോക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവരുന്ന ഒരു സാഹചര്യമാണിത്. പ്രത്യേകിച്ച് താരത്തിന്റെ പ്രൊഫഷണലിസത്തിനെതിരെ മാധ്യമങ്ങൾ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. മാത്രമല്ല താരത്തെ വിൽക്കാനുള്ളതല്ലെന്ന ഒരു പ്രസ്താവന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വക്താവ് തന്നെ അറിയിച്ചിരുന്നു.അദ്ദേഹത്തിന്റെ വാക്കുകളെ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തായ്ലാന്റിലും ഓസ്ട്രേലിയയിലും നടക്കുന്ന പ്രീ സീസൺ ടൂറിന്റെ ഭാഗമാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരിക്കില്ല. അദ്ദേഹത്തിന് ചില ഫാമിലി പ്രശ്നങ്ങളുണ്ട്. അത് കൈകാര്യം ചെയ്യാൻ വേണ്ടി ക്ലബ് അദ്ദേഹത്തിനു കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.യുണൈറ്റഡുമായി അദ്ദേഹത്തിന് ഇനിയും കരാർ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വിൽക്കാനുള്ളതല്ല ” ഇതായിരുന്നു ക്ലബ്ബിന്റെ വക്താവ് പരസ്യമായി പറഞ്ഞിരുന്നത്.

എന്നാൽ ഈ പ്രസ്താവനയിലും അതുപോലെതന്നെ തന്നെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളിലുമൊക്കെ ക്രിസ്റ്റ്യാനോ കടുത്ത അസംതൃപ്തനാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രത്യേകിച്ച് തന്റെ പ്രൊഫഷണലിസത്തെ വിമർശിക്കുന്നതിൽ റൊണാൾഡോ അസന്തുഷ്ടനാണ് എന്നാണ് ഡൈലി മെയിൽ കണ്ടെത്തിയിട്ടുള്ളത്.

ഏതായാലും റൊണാൾഡോ അടുത്ത സീസണിൽ എവിടെ കളിക്കുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്. ഉടൻതന്നെ അദ്ദേഹം ഒരു തീരുമാനം എടുക്കുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *