ചെൽസിയെ ബന്ധപ്പെട്ട് നെയ്മറുടെ പ്രതിനിധി,പ്രീമിയർ ലീഗിലേക്കെത്തുമോ?

സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ സമ്മറിൽ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട് എന്നുള്ളത് ഒട്ടുമിക്ക പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഒരു കാര്യമാണ്. നെയ്മർ ജൂനിയർക്ക് നിലവിൽ പിഎസ്ജി വിടാൻ താല്പര്യമില്ല. പക്ഷേ വിടേണ്ടിവരുന്ന ഒരു നിർബന്ധിതാവസ്ഥയിലാണ് നിലവിൽ നെയ്മർ ജൂനിയറുള്ളത്.

നെയ്മറുടെ പ്രതിനിധിയായ പിനി സഹാവി ഇപ്പോൾ അനുയോജ്യമായ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുമായി ബന്ധപ്പെട്ട് കഴിഞ്ഞു എന്നാണ് നിലവിൽ അറിയാൻ സാധിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ചെൽസിയുടെ പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയൊരു സൈനിംഗ് നടത്താൻ ആഗ്രഹമുണ്ട്.ആ സ്ഥാനത്തേക്കാണ് നെയ്മറെ പരിഗണിച്ച് തുടങ്ങിയിട്ടുള്ളത്. മാത്രമല്ല ചെൽസി താരമായ തിയാഗോ സിൽവ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു അനുകൂല പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പു വെച്ചതിനാൽ താരത്തിന്റെ സാലറി വർദ്ധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നെയ്മറുടെ കാര്യത്തിൽ പ്രധാന തടസ്സമായി നിലകൊള്ളുന്നത്. രണ്ടോ മൂന്നോ ക്ലബ്ബുകൾക്ക് മാത്രമാണ് നിലവിൽ സാമ്പത്തികപരമായി നെയ്മറെ താങ്ങാൻ കഴിയുക. നെയ്മർക്ക് ഒരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് സഹാവിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

നിലവിൽ നെയ്മർ എങ്ങോട്ടെങ്കിലും ചേക്കേറാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ചെൽസിയിലേക്ക് മാത്രമാണ്. പക്ഷേ ഇനി ഏതു രൂപത്തിലേക്കാണ് ട്രാൻസ്ഫർ സമവാക്യങ്ങൾ മാറിമറിയുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *