ബ്രസീലിയൻ സൂപ്പർ താരം ആഴ്സണലിലേക്ക്,എഗ്രിമെന്റിലെത്തി!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ജീസസിനെ ക്ലബ് ഒഴിവാക്കുകയാണ് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ ഒരു കാര്യമാണ്.എർലിംഗ് ഹാലണ്ട്,ഹൂലിയൻ ആൽവരസ് എന്നിവരുടെ വരവാണ് ജീസസിന് സ്ഥാനം നഷ്ടമാകാൻ കാരണം. കൂടാതെ റഹീം സ്റ്റെർലിങ്ങിനെയും ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ സിറ്റിയുള്ളത്.

ഏതായാലും ഗബ്രിയേൽ ജീസസിന്റെ കാര്യത്തിൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി കരാറിലെത്തി കഴിഞ്ഞിട്ടുണ്ട്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലാണ് താരത്തെ സ്വന്തമാക്കുക. ഇരു ക്ലബ്ബുകളും ഇപ്പോൾ വെർബൽ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നുള്ള കാര്യം ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിട്ടുണ്ട്.45 മില്യൺ പൗണ്ടായിരിക്കും താരത്തിന് വേണ്ടി ആഴ്സണൽ നൽകേണ്ടി വരിക.

ആഴ്സണലിന്റെ പരിശീലകനായ ആർട്ടെറ്റയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് ഗബ്രിയേൽ ജീസസിനെ ക്ലബ്ബ് സ്വന്തമാക്കുന്നത്. പ്രീമിയർലീഗിൽ കളിച്ചു പരിചയമുള്ള താരം കൂടിയായതിനാൽ ഗണ്ണേഴ്സിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമാവും. കഴിഞ്ഞ പ്രീമിയർ ലീഗിൽ 8 ഗോളുകളും 8 അസിസ്റ്റുകളും കരസ്ഥമാക്കാൻ ഗബ്രിയേൽ ജീസസിന് സാധിച്ചിട്ടുണ്ട്.

നിലവിൽ മറ്റൊരു ബ്രസീലിയൻ മുന്നേറ്റനിര താരമായ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലിന്റെ താരമാണ്. ഇതിനു പുറമേ മറ്റൊരു ബ്രസീലിയൻ മുന്നേറ്റനിര താരമായ റാഫീഞ്ഞയെ കൂടി ആഴ്സണൽ ലക്ഷ്യം വെക്കുന്നുണ്ട്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ആഴ്സണലിന് കഴിഞ്ഞിരുന്നില്ല. പക്ഷേ അടുത്ത സീസണിലെങ്കിലും ആദ്യ നാലിൽ ഇടം നേടുക എന്നുള്ളത് തന്നെയായിരിക്കും ഗണ്ണേഴ്സിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *