കരാർ അവസാനിക്കാൻ ഒരാഴ്ച്ച മാത്രം ബാക്കി,ഡെമ്പലെയുടെ കാര്യത്തിൽ ക്ഷമ നശിച്ച് ബാഴ്സയും ചെൽസിയും!

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ അവസാനിക്കാൻ ഇനി ഒരു ആഴ്ച്ച മാത്രമേ ബാക്കിയുള്ളൂ. എന്നാൽ തന്റെ ഭാവിയെക്കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ ഡെമ്പലെ കൈക്കൊണ്ടിട്ടില്ല. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുമോ അതോ ക്ലബ്ബ് വിടുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകത്തിന് ഇനി അറിയേണ്ട കാര്യം.

ബാഴ്സയുടെ പരിശീലകനായ സാവിക്ക് ഡെമ്പലെയെ നിലനിർത്താൻ വളരെയധികം താല്പര്യമുണ്ട്. കഴിഞ്ഞ ലാലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായി മാറാൻ ഡെമ്പലെക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ താരം ഇതുവരെ തീരുമാനം എടുക്കാത്തതാണ് ബാഴ്സക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യം.ഡെമ്പലെ ഒരു തീരുമാനം കൈക്കൊണ്ടാൽ മാത്രമേ പുതിയ താരത്തെ സ്വന്തമാക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ ബാഴ്സക്ക് സാധിക്കുകയുള്ളൂ.

അതേസമയം പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്കും ഡെമ്പലെയുടെ കാര്യത്തിൽ ക്ഷമ നശിച്ചു തുടങ്ങിയിട്ടുണ്ട്. അതായത് ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെൽ ടീമിലേക്ക് എത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരമാണ് ഡെമ്പലെ. പക്ഷേ താരം തീരുമാനം എടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ റഹീം സ്റ്റർലിങ്ങിലും ചെൽസിക്ക് താല്പര്യമുണ്ട്. നിരവധി ക്ലബ്ബുകൾ സ്റ്റെർലിങ്ങിന് വേണ്ടി രംഗത്തുണ്ട്. പക്ഷേ ഡെമ്പലെ തീരുമാനം എടുത്താൽ മാത്രമേ സ്റ്റെർലിങ്ങിന്റെ കാര്യത്തിൽ ചെൽസിക്ക് ഒരു അന്തിമ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. ചുരുക്കത്തിൽ ബാഴ്സക്കും ചെൽസിക്കും ക്ഷമ നശിച്ചു തുടങ്ങിയിട്ടുണ്ട്.

നേരത്തെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താരത്തിനു വേണ്ടി രംഗത്ത് വന്നിരുന്നു. എന്നാൽ നിലവിൽ പിഎസ്ജി പിൻമാറിയിട്ടുണ്ട്. ഏതായാലും ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും ഡെമ്പലെ എടുക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *