ബാഴ്സ വിളിച്ചിരുന്നു,എന്നാൽ…: റൂഡിഗറുടെ വെളിപ്പെടുത്തൽ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിയുടെ ജർമ്മൻ പ്രതിരോധനിര താരമായ അന്റോണിയോ റൂഡിഗറിനെ സ്വന്തമാക്കാൻ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം അദ്ദേഹത്തെ റയൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.22-ആം നമ്പർ ജേഴ്സിയാണ് അദ്ദേഹം റയലിൽ അണിയുക.
ഏതായാലും തന്റെ അവതരണവേളയിൽ നിരവധി കാര്യങ്ങളെ കുറിച്ച് റൂഡിഗർ സംസാരിച്ചിരുന്നു.കൂട്ടത്തിൽ റയലിന്റെ ചിരവൈരികളായ എഫ്സി ബാഴ്സലോണ തന്നെ ക്ഷണിച്ചിരുന്നുവെന്നും റൂഡിഗർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റയലല്ലാതെ തന്റെ മുന്നിൽ മറ്റൊന്നുമില്ലെന്ന് അറിയിച്ചതായും റൂഡിഗർ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 21, 2022
” ബാഴ്സലോണയിൽ നിന്നും എനിക്ക് ഒരു കോൾ ഉണ്ടായിരുന്നു. എന്നാൽ എന്റെ മുമ്പിൽ റയൽ മാഡ്രിഡ് അല്ലാതെ മറ്റൊന്നും ഇല്ലെന്ന് ഞാൻ എന്റെ ഏജന്റിനോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ റയലിൽ നിന്നും എന്റെ ഏജന്റിന് കോൺടാക്ട് ഉണ്ടായിരുന്നു.പിന്നീട് ഏപ്രിലിൽ ഞാൻ ആഞ്ചലോട്ടിയുമായി സംസാരിച്ചു. അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിമിഷമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് കീഴിൽ റയലിൽ കളിക്കാനുള്ള തീരുമാനം ഞാൻ അന്നാണ് കൈക്കൊണ്ടത് ” ഇതാണ് റൂഡിഗർ പറഞ്ഞിട്ടുള്ളത്.
റൂഡിഗറിന്റെ വരവ് റയലിന്റെ പ്രതിരോധ നിരയെ കൂടുതൽ ശക്തമാക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.റൂഡിഗറിനെ കൂടാതെ ഡേവിഡ് അലാബ,എഡർ മിലിറ്റാവോ,നാച്ചോ എന്നിവരെ റയലിന് പ്രതിരോധനിരയിൽ ലഭ്യമാണ്.