മെസ്സിയുടെ അവസാന വേൾഡ് കപ്പാവും,ജേതാക്കളാവണം : പരേഡസ്!
വരുന്ന ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ പലരും ഉയർത്തിക്കാണിക്കുന്ന പേരാണ് അർജന്റീന. നിലവിൽ മികച്ച പ്രകടനമാണ് അർജന്റീനയുടെ ദേശീയ ടീം ഇപ്പോൾ കാഴ്ചവെക്കുന്നത്. കിരീട വരൾച്ചക്ക് വിരാമമിട്ടതിന് പിന്നാലെ ഒരു വലിയ അപരാജിത കുതിപ്പാണ് നിലവിൽ അർജന്റീന നടത്തുന്നത്.
ഏതായാലും പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് വേൾഡ് കപ്പിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഒരുപക്ഷേ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പായിരിക്കും ഇതെന്നും, അതുകൊണ്ടുതന്നെ കിരീടം നേടാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമായിരിക്കുമെന്നുമാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Leandro Paredes speaks on Argentina national team, Lionel Messi. https://t.co/DYLKN7x3Vj
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 14, 2022
” മെസ്സി ഹാപ്പിയായിരിക്കുക, ടീമിനെ ആസ്വദിക്കുക എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം അദ്ദേഹം മുമ്പ് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് അദ്ദേഹം അർജന്റീനയുടെ ദേശീയ ടീമിനെ ആസ്വദിക്കുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്. ഓരോതവണയും അർജന്റീനയുടെ ക്യാമ്പിലേക്ക് അദ്ദേഹം വരുമ്പോൾ അദ്ദേഹം എത്രത്തോളം ടീമിനെ ആസ്വദിക്കുന്നു എന്നുള്ളത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരുപക്ഷേ ഇത് തന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കുമെന്ന് മെസ്സിക്ക് തന്നെ അറിയാം. അതുകൊണ്ടുതന്നെ കിരീടം നേടാൻ സാധിച്ചാൽ അത് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തോടൊപ്പം അത് നേടാൻ കഴിഞ്ഞാൽ അത് എല്ലാത്തിനും മുകളിലാണ് ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവർ ഉള്ള ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം മറികടക്കുക എന്നുള്ളത് അർജന്റീന സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാവില്ല.