അന്ന് പട്ടിണി കൊണ്ട് പൊറുതിമുട്ടി,ഇന്ന് ലിവർപൂളിന്റെ ചിലവേറിയ താരം,നുനസിന് പറയാനുള്ളത്!

ബെൻഫിക്കയുടെ ഉറുഗ്വൻ സൂപ്പർ താരമായ ഡാർവിൻ നുനസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു.100 മില്യൺ യുറോയോളമാണ് താരത്തിന് വേണ്ടി ലിവർപൂൾ ചെലവഴിച്ചിട്ടുള്ളത്. ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സൈനിങ്ങാണ് നുനസിന്റേത്.

എന്നാൽ താരം ഇന്നെത്തി നിൽക്കുന്ന ഈ പദവിയിലേക്കുള്ള പാത വളരെയധികം ദുർഘടം പിടിച്ചതായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ചുറ്റുപാടിലായിടുന്നു വളർന്നത്.താൻ എവിടെ നിന്നാണ് വന്നതെന്നും തനിക്ക് വേണ്ടി എന്റെ അമ്മ ചെയ്ത ത്യാഗങ്ങൾ എന്തൊക്കെയാണ് എന്നുള്ളതൊന്നും ഒരിക്കലും മറക്കുകയില്ല എന്നാണ് നുനസ് പറഞ്ഞിട്ടുള്ളത്. തന്റെ കുട്ടിക്കാലത്തെ ബുദ്ധിമുട്ടേറിയ സമയം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ എവിടെ നിന്നാണ് വന്നതെന്ന് ഞാൻ ഒരിക്കലും മറക്കുകയില്ല. ഒരു ഹാർഡ് വർക്കിംഗ് ഫാമിലിയായിരുന്നു എന്റെത്.എട്ടോ ഒൻപതോ മണിക്കൂറുകൾ നിർമ്മാണ മേഖലയിൽ ജോലി ചെയ്തു കൊണ്ടാണ് എന്റെ പിതാവ് ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിയിരുന്നത്. എന്റെ അമ്മ ഒരു ഹൗസ് വൈഫായിരുന്നു. പക്ഷേ അവർ തെരുവുകളിലുടനീളം നടന്നുകൊണ്ട് കുപ്പികൾ ശേഖരിക്കുമായിരുന്നു. അത് വിറ്റ് കൊണ്ട് ഞങ്ങൾക്ക് വേണ്ടിയുള്ള പണം കണ്ടെത്തും. പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാനില്ലാതെ ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതൽ തവണ എന്റെ അമ്മ ഭക്ഷണം കഴിക്കാനില്ലാതെ കിടന്നുറങ്ങിയിട്ടുണ്ട്.ആകെയുള്ള ഭക്ഷണം എനിക്കും എന്റെ സഹോദരനും അവർ വീതം വെക്കുമായിരുന്നു. അത്തരമൊരു ഘട്ടത്തെ അതിജീവിച്ച് കൊണ്ടാണ് ഞാൻ ഇവിടെ എത്തി നിൽക്കുന്നത് ” ഇതാണ് മുമ്പ് നുനസ് പറഞ്ഞിട്ടുള്ളത്.

പെനറോളിലൂടെയാണ് നുനസ് തന്റെ കരിയർ ആരംഭിക്കുന്നത്. എന്നാൽ പതിനാറാം വയസ്സിൽ ഗുരുതരമായ പരിക്ക് അദ്ദേഹത്തെ പിടികൂടി. ഒന്നരവർഷത്തോളമാണ് അദ്ദേഹം പുറത്തു വരുന്നത്.പിന്നീട് തിരിച്ചെത്തിയെങ്കിലും അരങ്ങേറ്റ മത്സരത്തിൽ വീണ്ടും പരിക്ക് വില്ലനായി. പക്ഷേ പിന്നീട് പരിക്കിനെ തോല്പിച്ചുകൊണ്ട് അതിശക്തമായ തിരിച്ചുവരവാണ് നുനസ് എത്തിയത്.ഒടുവിൽ അൽമേരിയയും കടന്ന് ബെൻഫികയിലാണ് താരം എത്തിപ്പെട്ടത്.

ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമാണ് താരം ഈ പോർച്ചുഗീസ് ക്ലബ്ബിനുവേണ്ടി പുറത്തെടുത്തത്.41 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 4 അസിസ്റ്റുകളുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. ഈ മിന്നുന്ന പ്രകടനമാണ് താരത്തെ ഇപ്പോൾ ലിവർപൂളിൽ എത്തിച്ചിരിക്കുന്നത്. ഏതായാലും ലിവർപൂളിലെ താരത്തിന്റെ പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *