കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ആർതറിന് ഉപദേശം നൽകാനൊരുങ്ങി സെറ്റിയൻ

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ബാഴ്സയുടെ ബ്രസീലിയൻ താരം ആർതറിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. യുവന്റസിൽ നിന്ന് പ്യാനിക്കിനെ ക്ലബിലെത്തിക്കാൻ വേണ്ടി ആർതറിനെ പറഞ്ഞയക്കാനൊരുങ്ങുകയാണ് ബാഴ്സ. കഴിഞ്ഞ ദിവസം പ്രമുഖഫുട്ബോൾ മാധ്യമങ്ങൾ എല്ലാം തന്നെ ബാഴ്‌സ യുവന്റസുമായി വാക്കാലുള്ള കരാറിൽ എത്തിയതായി റിപ്പോർട്ട്‌ ചെയ്തിരുന്നു. തുടർന്ന് ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ താരത്തിന് ആദ്യഇലവനിൽ സ്ഥാനം കണ്ടെത്താനായിരുന്നുവെങ്കിലും ശോഭിക്കാനായിരുന്നില്ല. തുടർന്ന് അൻപത്തിയാറാം മിനിറ്റിൽ ബാഴ്സ നടത്തിയ ആദ്യ സബ്സ്റ്റിട്യൂഷൻ ആർതറിനെ പിൻവലിച്ചു കൊണ്ടായിരുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ബാഴ്‌സ പരിശീലകൻ കീക്കെ സെറ്റിയൻ താരത്തെ പരാമർശിക്കുകയും ചെയ്തു. താരത്തിനോട് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുമെന്നാണ് സെറ്റിയൻ അറിയിച്ചത്.

” ചിലപ്പോൾ ഇപ്പോഴത്തെ ഈ കാര്യങ്ങൾ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടാകാം. പക്ഷെ അദ്ദേഹം ചെയ്യുന്ന ജോലിയിൽ ഞാൻ സന്തോഷവാനാണ്. തീർച്ചയായും അദ്ദേഹം ഞങ്ങൾക്ക് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു താരമാണ്. അദ്ദേഹത്തിൽ നിന്നും മികച്ച പ്രകടനം ലഭിക്കാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിലവിലെ എല്ലാ താരങ്ങളെയും ഞങ്ങൾക്ക് ആവിശ്യമാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾ സ്വയം സൂക്ഷ്മത പുലർത്താനാണ് ശ്രമിക്കുന്നത്. ചില കാര്യങ്ങൾ ഞങ്ങൾക്ക് നിയന്ത്രിക്കാവുന്നതിലുമപ്പുറമാണ്. ഞങ്ങൾ അദ്ദേഹത്തോട് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കും. ഇതൊരു സങ്കീർണമായ സാഹചര്യമാണ് എന്നെനിക്ക് മനസ്സിലാവും. പക്ഷെ ഞങ്ങൾ അഭിമുഖീകരിക്കുന്നത് അതിലും വലുതാണ് ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *