മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ച താരം? മുമ്പത്തെ നിലപാടിൽ മാറ്റം വരുത്തി ക്രൂസ് !
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണ് എന്നുള്ളത് എപ്പോഴും പ്രസക്തമായ ഒരു ചോദ്യമാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളായി പലരും കണക്കാക്കാറുണ്ട്. വേറെ പല ഇതിഹാസങ്ങളെയും ഈ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കുന്ന വ്യക്തികളുണ്ട്.
ഏതായാലും റയലിന്റെ ജർമ്മൻ സൂപ്പർ താരമായ ടോണി ക്രൂസിനോട് ഈ വിഷയത്തിലുള്ള ഒരു അഭിപ്രായം തേടിയിരുന്നു. ഒരുപാട് പേരുണ്ട് എന്നാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്. കൂടാതെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സമന്മാരാണെന്നും ക്രൂസ് കൂട്ടിച്ചേർത്തിട്ടുണ്ട്.മുമ്പ് ഇതേ ചോദ്യം ക്രൂസിനോട് ചോദിക്കപ്പെട്ടിരുന്ന സമയത്ത് തന്റെ സഹതാരമായിരുന്ന റൊണാൾഡോയെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. മെസ്സിയെക്കാൾ മികച്ച താരമാണ് റൊണാൾഡോ എന്നായിരുന്നു അന്ന് ക്രൂസ് പറഞ്ഞത്.എന്നാൽ ഇപ്പോൾ ആ അഭിപ്രായത്തിൽ മാറ്റം വരുത്തുകയായിരുന്നു ക്രൂസ്.കഴിഞ്ഞ ദിവസം മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 11, 2022
” ഓരോ കാലഘട്ടത്തിലും ഒരുപാട് താരങ്ങൾ വലിയ മഹത്തായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ക്ലാരൻസ് സീഡോർഫിന്റെതാണ്. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വ്യത്യസ്ത ടീമുകൾക്കൊപ്പം നേടിയ താരമാണ് അദ്ദേഹം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഈ രണ്ട് താരങ്ങളിൽ ആരും ആരെക്കാളും മുകളിലല്ല. രണ്ടുപേരും സമന്മാരാണ്. കാരണം താരതമ്യം ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് ” ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.
ക്രൂസിനെ സംബന്ധിച്ചിടത്തോളം ഓരോ മികച്ച സീസണാണ് ഇപ്പോൾ കഴിഞ്ഞു പോയത്. റയലിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടാൻ ടോണി ക്രൂസിന് സാധിച്ചിട്ടുണ്ട്.