അപരാജിത കുതിപ്പ്, അർജന്റീനക്ക് ഇനി മറികടക്കാനുള്ളത് ബ്രസീലിനേയും സ്പെയിനിനെയും!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ മുഴുവൻ ഗോളുകളും നേടിയത്.ഇതോട് കൂടി അർജന്റീന തോൽവി അറിയാതെ 33 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

2019 ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടായിരുന്നു അർജന്റീന അവസാനമായി തോറ്റത്. അതിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും അർജന്റീന തോറ്റിട്ടില്ല എന്ന് മാത്രമല്ല കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമ കിരീടവും സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.

ഏതായാലും ഫുട്ബോൾ ചരിത്രത്തിലെ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ നാലാമത്തെ അപരാജിത കുതിപ്പാണ് അർജന്റീന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ളത് ഇറ്റലിയിലാണ്.37 മത്സരങ്ങളിൽ ഇറ്റലി പരാജയമറിയാതെ മുന്നോട്ടു പോയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് വമ്പന്മാരായ ബ്രസീലും സ്പെയിനുമാണ്. 35 മത്സരങ്ങളിലാണ് ഇരുടീമുകളും പരാജയമറിയാതെ കുതിച്ചിട്ടുള്ളത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇനി മറികടക്കാനുള്ളത് ഈ രണ്ട് ടീമുകളെയുമാണ്. മൂന്ന് മത്സരങ്ങളിൽ കൂടി പരാജയമറിയാതെ ഇരുന്നാൽ ഈ രണ്ട് ടീമുകളെയും മറികടക്കാൻ സാധിക്കും. അഞ്ച് മത്സരങ്ങളിൽ കൂടി പരാജയം രുചിക്കാത്ത ഇരുന്നാൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും വലിയ അപരാജിത കുതിപ്പ് നടത്തിയ രാജ്യമെന്ന റെക്കോർഡ് അർജന്റീനക്ക് സ്വന്തം പേരിലാക്കാൻ കഴിയും.

2018 മുതൽ 2021 വരെയാണ് ഇറ്റലി പരാജയമറിയാതെ 37 മത്സരങ്ങളിൽ കുതിപ്പ് നടത്തിയത്. പിന്നീട് സ്പെയിനിനോട് 2-1 എന്ന സ്കോറിന് ഇറ്റലി പരാജയപ്പെടുകയായിരുന്നു.

2007 മുതൽ 2009 വരെയാണ് സ്പെയിൻ 35 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയത്.1993 മുതൽ 1996 വരെയാണ് ബ്രസീൽ 35 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയത്.

ഏതായാലും അർജന്റീനയുടെ അവസാനത്തെ 33 മത്സരങ്ങളിലെ ഫലങ്ങൾ താഴെ നൽകുന്നു…

ഇനി വരുന്ന സെപ്റ്റംബറിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. അർജന്റീനയുടെ കുതിപ്പിന് തടയിടാൻ ബ്രസീലിന് കഴിയുമോ എന്നുള്ളതാണ് പലരും ഉറ്റുനോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *