വേൾഡ് കപ്പിനുള്ള ഒരുക്കമല്ല,മറിച്ച് കിരീടനേട്ടം തന്നെ ലക്ഷ്യം : പോർച്ചുഗീസ് പരിശീലകൻ!

ഇന്ന് യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്. വമ്പന്മാരായ പോർച്ചുഗല്ലിന്റെ എതിരാളികൾ കരുത്തരായ സ്പെയിനാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-നാണ് ഈയൊരു മത്സരം അരങ്ങേറുക.ഈ രണ്ട് ടീമുകളെയും കൂടാതെ സ്വിറ്റ്സർലാന്റ്,ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സംസാരിച്ചിരുന്നു.യുവേഫ നേഷൻസ് ലീഗിനെ വേൾഡ് കപ്പിനുള്ള ഒരുക്കമായി കാണുന്നില്ലെന്നും മറിച്ച് കിരീടം നേടുക തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സാന്റോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യുവേഫ നേഷൻസ് ലീഗിനെ വിലകുറച്ചു കാണുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഞങ്ങളുടെ എപ്പോഴത്തെയും ലക്ഷ്യം എന്നുള്ളത് കിരീടം നേടുക എന്നുള്ളതാണ്. വേൾഡ് കപ്പിനുള്ള ഒരുക്കമായിട്ടല്ല ഇതിനെ പരിഗണിക്കുന്നത്. ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു കോമ്പിറ്റീഷനാണ് ഇത്. ഈ ഗ്രൂപ്പ് സ്റ്റേജ് വളരെയധികം ബുദ്ധിമുട്ടാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കോമ്പിറ്റീഷൻ വളരെയധികം പ്രധാനപ്പെട്ടതാണ്.10 ദിവസത്തിനിടെ ഞങ്ങൾക്ക് 4 മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ റൊട്ടേഷൻ ആവശ്യമായിവരും “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിന് യോഗ്യത നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *