വിനീഷ്യസാണ് ബ്രസീലിലെ ഏറ്റവും മികച്ച താരം : റൊണാൾഡോ

ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് റയലിന് വേണ്ടി ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ കാഴ്ച്ചവെച്ചിട്ടുള്ളത്.റയലിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കും ലാലിഗ കിരീടത്തിലേക്കും എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 22 ഗോളുകളും 16 അസിസ്റ്റുകളുമാണ് ഈ സീസണിൽ വിനീഷ്യസ് റയലിന് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്.

ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് നിലവിലെ ബ്രസീലിലെ ഏറ്റവും മികച്ച താരം വിനീഷ്യസ് ജൂനിയറാണ് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. നെയ്മറും വിനീഷ്യസും ഫോമിലാണെങ്കിൽ വരുന്ന വേൾഡ് കപ്പിൽ ബ്രസീലിന് വലിയ സാധ്യതകൾ ഉണ്ടെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിലെ ബ്രസീലിലെ ഏറ്റവും മികച്ച താരം വിനീഷ്യസ് ജൂനിയറാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഇനി നെയ്മർ ജൂനിയർ കൂടി ഫോമിലേക്ക് ഉയരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വേൾഡ് കപ്പിൽ രണ്ടാളും ഫോമിലാണെങ്കിൽ ഈ വേൾഡ് കപ്പ് കിരീടം നേടാൻ വലിയ സാധ്യതകളുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിനീഷ്യസ് നേടിയ ഗോൾ ഒരു അനുഗ്രഹമാണ്. ഈ വർഷം അദ്ദേഹം ഒരുപാട് പുരോഗതി പ്രാപിക്കുകയും ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് അദ്ദേഹം പുരോഗമിക്കുന്നു എന്നുള്ളത് ഒരു നല്ല വാർത്തയാണ്.അദ്ദേഹത്തിന്റെ ക്വാളിറ്റി ബ്രസീൽ ടീമിന് ഒരുപാട് ഉപകാരം ചെയ്യും ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

അതേസമയം നെയ്മറും ഇത്തരത്തിലുള്ള ഒരു പ്രസ്താവന നേരത്തെ നടത്തിയിരുന്നു. ഫുട്ബോൾ ലോകത്തെ നിലവിലെ ഏറ്റവും മികച്ച താരം വിനീഷ്യസ് ജൂനിയറാണ് എന്നായിരുന്നു നെയ്മർ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *