CR7 നും ഡാനിലോയും നേടിയ നേട്ടത്തിനൊപ്പമെത്തി,ചരിത്രം രചിച്ച് ബ്രാഹിം ഡയസ്!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ സാസുവോളോയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി സിരി എ കിരീടം ചൂടാൻ എസി മിലാന് സാധിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇതാദ്യമായി കൊണ്ടാണ് എസി മിലാൻ സിരി എ കിരീടം നേടുന്നത്.
ഈ കിരീടനേട്ടത്തോട് കൂടി എസി മിലാന്റെ യുവ സൂപ്പർതാരമായ ബ്രാഹിം ഡയസ് ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ മൂന്ന് വ്യത്യസ്ത ലീഗ് കിരീടങ്ങൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് ബ്രാഹിം ഡയസ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.ഈ 22 വയസ്സിനിടെ ലാലിഗ, പ്രീമിയർ ലീഗ്,സിരി എ എന്നീ കിരീടങ്ങളാണ് ഡയസ് സ്വന്തമാക്കിയിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമാണ് ബ്രാഹിം പ്രീമിയർ ലീഗ് കിരീടം ചൂടിയിട്ടുള്ളത്. പിന്നീട് റയലിനൊപ്പം ലാലിഗ കിരീടം നേടുകയായിരുന്നു.നിലവിൽ റയലിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ബ്രാഹിം എസി മിലാന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) May 23, 2022
ഇതിനു മുമ്പ് ഈ മൂന്ന് കിരീടങ്ങൾ നേടിയിട്ടുള്ളത് രണ്ടേ രണ്ട് താരങ്ങൾ മാത്രമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ,ഡാനിലോ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,യുവന്റസ് എന്നിവർക്ക് വേണ്ടിയാണ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ളത്.മാഞ്ചസ്റ്റർ സിറ്റി,റയൽ മാഡ്രിഡ്,യുവന്റസ് എന്നിവർക്ക് വേണ്ടിയാണ് ഡാനിലോ കിരീടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.
അതേസമയം ഡയസിന്റെ ലോൺ കാലാവധി ഒരു വർഷത്തേക്ക് കൂടി അവശേഷിക്കുന്നുണ്ട്.എന്നാൽ താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ശ്രമങ്ങൾ എസി മിലാൻ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.