വൈകാരികം,കണ്ണീർ,അത്ലറ്റിക്കോ ആരാധകരോട് വിടചൊല്ലി സുവാരസ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.1-1 എന്ന സ്കോറിന് സെവിയ്യയായിരുന്നു അത്ലറ്റിക്കോയെ സമനിലയിൽ തളച്ചത്.ഈ സീസണിലെ സ്വന്തം മൈതാനത്തെ അവസാന മത്സരമായിരുന്നു ഇന്നലെ അത്ലറ്റിക്കോ കളിച്ചിരുന്നത്.
മാത്രമല്ല സൂപ്പർ താരം ലൂയിസ് സുവാരസിന്റെ വാണ്ടയിലുള്ള അവസാന മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്.താരത്തിന് വിടവാങ്ങൽ ചടങ്ങ് നടത്തുമെന്നുള്ള കാര്യം മത്സരത്തിന് മുന്നേതന്നെ അത്ലറ്റിക്കോ മാഡ്രിഡ് സ്ഥിരീകരിച്ചിരുന്നു. വൈകാരികമായ ഒരു യാത്രയയപ്പാണ് സുവാരസിന് സ്വന്തം ആരാധകരിൽ നിന്നും ലഭിച്ചത്.65-ആം മിനുട്ടിൽ പിൻവലിച്ചതിനു ശേഷം കണ്ണീരണിഞ്ഞു കൊണ്ട് ബെഞ്ചിലിരിക്കുന്ന സുവാരസിനെയായിരുന്നു ആരാധകർക്ക് കാണാൻ സാധിച്ചത്.ഇതേ കുറിച്ച് സുവാരസ് പറഞ്ഞത് ഇങ്ങനെയാണ്.
Atletico Madrid said goodbye to Luis Suarez and Hector Herrera after their last home game for the club ❤️ pic.twitter.com/FiyQCy53Wq
— ESPN FC (@ESPNFC) May 15, 2022
“അത്ലറ്റിക്കോയുടെ ഓരോ ആരാധകനും ഞാൻ നന്ദി പറയുന്നു. ഞാൻ ഇവിടെ എത്തിയത് മുതൽ നിങ്ങൾ എന്നോട് കാണിക്കുന്ന ബന്ധം എന്നെ വളരെയധികം സംതൃപ്തിപ്പെടുത്തിയിരുന്നു. ഞാൻ അതൊരിക്കലും മറക്കുകയില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ നിങ്ങളോട് നന്ദി പറയുന്നു. കൂടാതെ എന്റെ സഹതാരങ്ങൾക്കും നന്ദി അറിയിക്കുന്നു.എനിക്കായി വാതിലുകൾ തുറന്നു വെച്ച ഈ ക്ലബ്ബിനുവേണ്ടി 200 ശതമാനവും ഞാൻ സമർപ്പിച്ചിട്ടുണ്ട്. ഈ ക്ലബ്ബിനെ ഞാൻ എപ്പോഴും എന്റെ ഹൃദയത്തിൽ സൂക്ഷിക്കും. നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തോട് എനിക്ക് നന്ദിയും കടപ്പാടുമുണ്ട് ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.
ബാഴ്സയിൽ നിന്നും അത്ലറ്റിക്കോയിൽ എത്തിയ സുവാരസ് രണ്ട് വർഷമാണ് ക്ലബ്ബിൽ ചെലവഴിച്ചത്. കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം അത്ലറ്റിക്കോക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് സുവാരസായിരുന്നു.ഈ സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുന്ന സുവാരസ് എങ്ങോട്ട് ചേക്കേറുമെന്നുള്ളത് വ്യക്തമല്ല.