യുണൈറ്റഡിലെ എന്തെങ്കിലും ജോലിയായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം : എവ്രക്ക് മറുപടിയുമായി പെപ്!
കഴിഞ്ഞ ദിവസമായിരുന്നു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന പാട്രിസ് എവ്ര മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.അതായത് പെപ്പിന്റെ താരങ്ങൾക്കൊന്നും പേഴ്സണാലിറ്റി ഇല്ലെന്നും പ്ലേ സ്റ്റേഷൻ ഗെയിം പോലെയാണ് പെപ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നുമായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്.പെപ്പിന് കീഴിൽ ഇതുവരെ കളിക്കാൻ കഴിയാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും എവ്ര കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ എവ്രയുടെ ഈ പ്രസ്താവനക്ക് പെപ് ഗ്വാർഡിയോള ഇപ്പോൾ മറുപടി നൽകിയിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്തെങ്കിലും ജോലിക്ക് വേണ്ടിയായിരിക്കും എവ്ര ഈ പ്രസ്താവനകൾ നടത്തിയത് എന്നാണ് പെപ് പരിഹസിച്ച് കൊണ്ട് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 12, 2022
” എനിക്ക് പേഴ്സണാലിറ്റി വേണ്ട എന്നാണോ അദ്ദേഹം പറയുന്നത്? ഞാൻ എവ്രയോട് ഒരിക്കലും യോജിക്കില്ല.എനിക്ക് കളത്തിൽ പേഴ്സണാലിറ്റിയും മികച്ച താരങ്ങളെയും ആവശ്യമാണ്. അല്ലാത്തപക്ഷം ഞങ്ങൾ ഇവിടെ എത്തുമായിരുന്നില്ല. അദ്ദേഹം എന്താണ് പറഞ്ഞത് എന്നുള്ളത് പൂർണമായും ഞാൻ അറിഞ്ഞിട്ടില്ല. ഇവിടെയും ബയേണിലും ബാഴ്സയിലുമൊക്കെ എനിക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്നു. അവരുടെ പേഴ്സണാലിറ്റിയിലും സവിശേഷതയിലും എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അവരിൽ പലരും വേൾഡ് കപ്പും യൂറോ കപ്പും ചാമ്പ്യൻസ് ലീഗും ലീഗ് കിരീടങ്ങളുമൊക്കെ നേടിയവരാണ്. എവ്രയോട് എനിക്ക് പറയാനുള്ളത് നമ്മൾ ഒരുമിച്ചായിരുന്നെങ്കിൽ എന്റെ താരങ്ങളുടെ പേഴ്സണാലിറ്റി ഞാൻ നിങ്ങൾക്ക് കാണിച്ചു തരുമായിരുന്നു. ഒരുപക്ഷേ എവ്ര ശരിയായിരിക്കാം, അല്ലെങ്കിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തെങ്കിലും ഒരു ജോലിയെ ലക്ഷ്യം വെക്കുന്നുണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ഇപ്പോൾ അദ്ദേഹത്തിന് നല്ലൊരു അവസരവുമുണ്ടായിരിക്കാം ” ഇതാണ് പെപ് പറഞ്ഞത്.
2006 മുതൽ 2014 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എവ്ര.ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടിയും ഇക്കാലയളവിൽ നിരവധി മത്സരങ്ങൾ എവ്ര കളിച്ചിട്ടുണ്ട്.