ക്രിസ്റ്റ്യാനോയുടെ സൈനിങ്,താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്ന് കവാനി!

കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് എഡിൻസൺ കവാനി.17 ഗോളുകളായിരുന്നു താരം നേടിയിരുന്നത്. യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും യൂറോപ്പ ലീഗിന്റെ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു.പിന്നീട് കവാനി യുണൈറ്റഡുമായി കരാർ പുതുക്കുകയും ചെയ്തു.

എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോട് കൂടി കവാനിക്ക് അവസരങ്ങൾ കുറയുകയായിരുന്നു.ഇത് കവാനി ഇപ്പോൾ തുറന്ന് സമ്മതിച്ചിട്ടുണ്ട്. താൻ ഭയപ്പെട്ടതുപോലെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ് തനിക്കുണ്ടായത് എന്നാണ് കവാനി പറഞ്ഞത്.ആ സമയത്ത് യുണൈറ്റഡ് വിടാൻ ആലോചിച്ചിരുന്നുവെന്നും കവാനി കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇഎസ്പിഎൻ ബ്രസീലിനോട് സംസാരിക്കുകയായിരുന്നു കവാനി. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

“ആ സമയത്ത് എല്ലാം അവസാനിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ സൈനിങ് യുണൈറ്റഡിന് നല്ല കാര്യം തന്നെയാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യങ്ങളെ നന്നായി അറിയുന്ന ഞാൻ എന്റെ സഹോദരനെയാണ് ആദ്യം അന്ന് വിളിച്ചത്. ഒരാഴ്ച മുമ്പാണ് ഇത് സംഭവിച്ചതെങ്കിൽ നിന്നോട് മറ്റൊരു ക്ലബ്ബ് അന്വേഷിക്കാൻ ഞാൻ പറയുമായിരുന്നു എന്നാണ് എന്റെ സഹോദരനോട് പറഞ്ഞത്. അത് ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള മടി കൊണ്ടല്ല. മറിച്ച് ഇന്നത്തെ സാഹചര്യങ്ങളെയും ഫുട്ബോളിനെയും നന്നായി അറിയുന്നത് കൊണ്ടാണ്. അതുകൊണ്ടാണ് ഞാൻ എന്റെ സഹോദരനെ വിളിച്ചത്. ഈ സാഹചര്യത്തെ എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അന്ന് എനിക്ക് ഒന്നും തോന്നിയില്ല. കഴിയുന്ന പോലെ ടീമിനെ സഹായിക്കാം എന്നാണ് ഞാൻ കരുതിയത്. കൂടാതെ പരിക്കും എനിക്ക് തിരിച്ചടിയായി. അങ്ങനെ ഞാൻ ഭയപ്പെട്ടതുപോലെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ് എനിക്കുണ്ടായത് ” ഇതാണ് കവാനി പറഞ്ഞത്.

അടുത്ത മാസമാണ് താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക.കവാനി യുണൈറ്റഡ് വിടുമെന്നുറപ്പാണ്.യൂറോപ്പിൽ തന്നെ തുടരാനാണ് കവാനി ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *