ചാമ്പ്യൻസ് ലീഗ് കളിക്കണമെങ്കിൽ മെസ്സിക്കൊപ്പം ചേരൂ :CR7നോട് മേഴ്സൺ!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വ്യക്തിഗത മികവ് തുടർന്നിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യുണൈറ്റഡിനും ക്രിസ്റ്റ്യാനോക്കും കഴിയില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഇപ്പോഴിതാ ക്രിസ്റ്റ്യാനോക്ക് മുൻ ആഴ്സണൽ താരമായ പൗൾ മേഴ്സൺ ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.അതായത് അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കണമെങ്കിൽ മെസ്സി ഉൾപ്പെടുന്ന പിഎസ്ജിയിലേക്ക് ചേക്കേറൂ എന്നാണ് മേഴ്സൺ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്പോർട്സ്കീഡയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഴ്സണിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 1, 2022
” ഒരുപക്ഷേ ഇതായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രീമിയർലീഗിലെ അവസാനത്തെ വർഷം. അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നു. തന്റെ കരിയറിലുടനീളം അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുണ്ട്. എറിക്ക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോയെ വേണമെന്ന് ആവശ്യപ്പെട്ടാൽ ഞാൻ അത്ഭുതപ്പെടും. കാരണം അദ്ദേഹം സ്വന്തമായി ടീം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്.റൊണാൾഡോക്കാവട്ടെ 37 വയസ്സുമായി. ചെറിയ കാലയളവിലേക്ക് എംബപ്പെയുടെ പകരക്കാരനായി കൊണ്ട് പിഎസ്ജി റൊണാൾഡോയെ ടീമിൽ എത്തിക്കണം.പിഎസ്ജിക്ക് വേണ്ടത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്.ചാമ്പ്യൻസ് ലീഗിൽ തന്റെ മൂല്യം എന്താണ് എന്നുള്ളത് റൊണാൾഡോ തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ഒരുപാട് ഗോളുകൾ അവിടെ നേടിയിട്ടുണ്ട്.ലീഗ് വൺ ഒരു എളുപ്പത്തിലുള്ള ലീഗാണ്. അതുകൊണ്ടുതന്നെ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കും. മെസ്സി ഇപ്പോൾ തന്നെ ക്ലബ്ബിൽ ഉണ്ട്, റൊണാൾഡോ കൂടി വരികയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് നമുക്ക് കാണാൻ സാധിക്കും ” ഇതാണ് മേഴ്സൺ പറഞ്ഞിട്ടുള്ളത്.
2002-ൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചതിനുശേഷം ഇതുവരെ ഒരൊറ്റ ചാമ്പ്യൻസ് ലീഗും റൊണാൾഡോക്ക് നഷ്ടമായിട്ടില്ല.അടുത്ത സീസണിൽ അദ്ദേഹം യുണൈറ്റഡിൽ തുടരുകയാണെങ്കിൽ ഇത് തിരുത്തി കുറിക്കപ്പെടും.