ലാലിഗ കിരീടനേട്ടം,റയലിനെ കാത്തിരിക്കുന്നത് വൻ തുക!
ഇന്നലെ നടന്ന മത്സരത്തിൽ എസ്പനോളിനെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു റയൽമാഡ്രിഡ് പരാജയപ്പെടുത്തിയത്.യുവസൂപ്പർ താരം റോഡ്രിഗോ ഗോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ബെൻസിമ,അസെൻസിയോ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇതോടെ ഈ സീസണിലെ ലാലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി.35-ആം തവണയാണ് റയൽ മാഡ്രിഡ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്.
ഏതായാലും ഈ കിരീട നേട്ടത്തോട് കൂടി റയൽ മാഡ്രിഡിന് സമ്മാനത്തുകയായി എത്ര ലഭിക്കുമെന്നതിന്റെ കണക്കുകൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമായും ടിവി റൈറ്റ്സിന്റെ തുകയാണ് കിരീട ജേതാക്കൾക്ക് ലഭിക്കുക. ഇത്തവണത്തെ കണക്കുകൾ പ്രകാരം 361 മില്യൺ യുറോയാണ് ക്ലബ്ബുകൾക്കിടയിൽ വിതരണം ചെയ്യപ്പെടുക. ഇതിന്റെ 17 ശതമാനമാണ് റയലിന് ലഭിക്കുക. അതായത് 61.2 മില്യൺ യുറോയാണ് റയലിന് ലഭിക്കുക.
— Murshid Ramankulam (@Mohamme71783726) May 1, 2022
എന്നാൽ ഇത് മുഴുവനായും ഇപ്പോൾതന്നെ ക്ലബ്ബിന് നൽകില്ല. മറിച്ച് അടുത്ത അഞ്ച് സീസണുകളിലായാണ് ഇത് വിതരണം ചെയ്യപ്പെടുക. അടുത്ത സീസണിൽ ഈ തുകയുടെ 35 ശതമാനവും പിന്നീടുള്ള സീസണിൽ 20 ശതമാനവും അതിനുശേഷമുള്ള 3 സീസണുകളിൽ 15 ശതമാനം വീതവുമാണ് നൽകപ്പെടുക.
ഉദാഹരണത്തിന് അടുത്ത സീസണിൽ റയലിന് ലഭിക്കുന്ന തുകകൾ നമുക്കൊന്നു പരിശോധിക്കാം.അതായത് ഈ സീസണിലെ കിരീട ജേതാക്കൾക്കുള്ള 60 മില്യൺ യുറോയുടെ 35 ശതമാനം റയലിന് ലഭിക്കും.പിന്നീട് 2020/21 സീസണിലെ രണ്ടാം സ്ഥാനക്കാർക്കുള്ള 20%, 2019/20 സീസണിലെ കിരീട ജേതാക്കൾക്കുള്ള 15%, 2018/19 സീസണിലെ മൂന്നാം സ്ഥാനക്കാർക്ക് ഉള്ള 15%, 2017/18 സീസണിലെ മൂന്നാം സ്ഥാനക്കാർക്ക് ഉള്ള 15% എന്നിവയാണ് അടുത്ത സീസണിൽ റയലിന് ലഭിക്കുക. ഇതൊക്കെയാണ് മാർക്ക നൽകുന്ന കണക്കുകൾ.