ലൗറ്ററോ മികവിൽ ഇന്ററിന് ജയം, ഗോൾരഹിത സമനില വഴങ്ങി ലിവർപൂൾ

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഇന്റർമിലാന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർമിലാൻ സാംപടോറിയയെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ലുക്കാക്കു, ലൗറ്ററോ മാർട്ടിനെസ് എന്നിവരുടെ ചിറകിലേറിയാണ് ഇന്റർമിലാൻ വിജയം നേടിയത്. മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ലുക്കാക്കു ആദ്യഗോൾ കണ്ടെത്തുകയായിരുന്നു. ലൗറ്ററോയും ലുക്കാക്കുവും എറിക്സണും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലുക്കാക്കു തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഒരു ഗോൾ കൂടെ നേടാനുള്ള സുവർണ്ണാവസരം ലുക്കാക്കുവിന് ലഭിച്ചുവെങ്കിലും താരം പുറത്തേക്കടിച്ചു പാഴാക്കി. മുപ്പത്തിമൂന്നാം മിനുട്ടിൽ ലൗറ്ററോ മാർട്ടിനെസ് ഇന്ററിന്റെ രണ്ടാം ഗോളും നേടി. അന്റോണിയോ കാൻഡ്രേവയുടെ മനോഹരമായ ക്രോസിന് കാൽവെക്കേണ്ട ജോലിയെ ലൗറ്ററോക്ക് ബാക്കിയുണ്ടായിരുന്നോള്ളൂ.

എന്നാൽ രണ്ടാം പകുതിയുടെ 52-ആം മിനുട്ടിൽ സാംപടോറിയ ഒരു ഗോൾ തിരിച്ചടിച്ച് പ്രതീക്ഷകൾക്ക് ജീവൻ നൽകി. മോർടെൻ തോർസ്ബിയാണ് സാംപടോറിയയുടെ ഗോൾ കണ്ടെത്തിയത്. എന്നാൽ പിന്നീട് കൂടുതൽ ഗോളുകൾ ഒന്നും വഴങ്ങാതെ സൂക്ഷിച്ച് വിജയം ഇന്റർ സ്വന്തം പേരിൽ കുറിക്കുകയായിരുന്നു. അതേ സമയം പ്രീമിയർ ലീഗിൽ തലതൊട്ടപ്പന്മാരായ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നു. എവെർട്ടനാണ് ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം സലാഹ് ഇല്ലാതെയാണ് ക്ലോപ് ആദ്യഇലവനെ കളത്തിലേക്കിറക്കി വിട്ടതു. മാനേ, ഫിർമിഞ്ഞോ, മിനാമിനോ എന്നിവരായിരുന്നു ആക്രമണചുമതല ഏല്പിക്കപ്പെട്ടവർ. പിന്നീട് ഫിർമിഞ്ഞോക്ക് പകരക്കാരനായി ഒറിഗി വന്നെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ഇന്നലത്തെ ജയത്തോടെ ലീഗിലെ മൂന്നാം സ്ഥാനം ഭദ്രമാക്കാൻ ഇന്റർമിലാന് കഴിഞ്ഞു. നിലവിൽ ഇരുപത്തിയാറ് മത്സരങ്ങളിൽ നിന്ന് 57 പോയിന്റോടെ മൂന്നാമതാണ് ഇന്റർമിലാൻ. ഇത്രയും മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള യുവന്റസ് ഒന്നാമതും 62 പോയിന്റുള്ള ലാസിയോ രണ്ടാമതുമാണ്. 51 പോയിന്റുള്ള അറ്റ്ലാന്റയാണ് ഇന്ററിന് പിറകിൽ നാലാമത്. അതേ സമയം സമനില ആണെങ്കിൽ കൂടിയും കിരീടത്തിലേക്ക് ഒരുപടി കൂടെ അടുക്കാൻ ലിവർപൂളിന് സാധിച്ചു. മുപ്പത് മത്സരങ്ങളിൽ നിന്ന് 83 പോയിന്റാണ് ലിവറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ഏറെ പിറകിലാണ് എന്നുള്ളത് ലിവർപൂളിന് ആശ്വാസകരമായ കാര്യമാണ്. അറുപതു പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. 54 പോയിന്റോടെ ലെയ്സെസ്റ്റർ സിറ്റി മൂന്നാമതും 51 പോയിന്റോടെ ചെൽസി നാലാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *