2023-24 സീസണിൽ ബാഴ്സ ക്യാമ്പ് നൗവിൽ കളിക്കില്ല!
സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സ പരാജയപ്പെടുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ബാഴ്സ ക്യാമ്പ് നൗവിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്.
ഏതായാലും ക്യാമ്പ് നൗവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.അതായത് ക്യാമ്പ് നൗ നവീകരിക്കാൻ ബാഴ്സ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.പക്ഷെ അടുത്ത സീസണിൽ ബാഴ്സ ക്യാമ്പ് നൗവിൽ തന്നെയാണ് കളിക്കുക.
പിന്നീട് 2023-24 സീസണിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഈ സീസണിൽ ബാഴ്സ ക്യാമ്പ് നൗവിൽ കളിക്കില്ല. മറിച്ച് മുനിസിപ്പാലിയുടെ ഉടമസ്ഥതയിലുള്ള ലൂയിസ് കമ്പനീസ് സ്റ്റേഡിയത്തിലാണ് ബാഴ്സ കളിക്കുക. അറുപതിനായിരത്തോളം ആരാധകരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഇത്.
— Murshid Ramankulam (@Mohamme71783726) April 29, 2022
1992 ഒളിമ്പിക്സിന് വേണ്ടിയായിരുന്നു ഈ സ്റ്റേഡിയം ഓപ്പൺ ചെയ്തിരുന്നത്. ബാഴ്സയുടെ നഗരവൈരികളായ എസ്പനോൾ 1997 മുതൽ 2009 വരെ ഈ സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട്.2024-25 സീസണിൽ 50 ശതമാനം കാണികളുമായി ക്യാമ്പ് നൗവിൽ തന്നെ തിരിച്ചെത്താനാണ് ബാഴ്സ പദ്ധതിയിട്ടിരിക്കുന്നത്.2025-26 സീസൺ ആവുമ്പോഴേക്കും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്.
99,000 സീറ്റുകളാണ് നിലവിൽ ക്യാമ്പ് നൗവിൽ ലഭ്യമായിട്ടുള്ളത്. അത് 110,000 ആയി ഉയർത്താനാണ് ബാഴ്സ ഉദ്ദേശിച്ചിരിക്കുന്നത്.1.5 ബില്യൺ യുറോയാണ് ഈ നവീകരണ പ്രവർത്തനങ്ങൾക്ക് ചിലവായി കൊണ്ട് ബാഴ്സ പ്രതീക്ഷിക്കുന്നത്.ബാഴ്സയുടെ ചിരവൈരികളായ റയൽമാഡ്രിഡ് തങ്ങളുടെ സ്റ്റേഡിയമായ സാൻഡിയാഗോ ബെർണാബുവും പുതുക്കി പണിതിരുന്നു.