11 വർഷങ്ങൾക്ക് മുമ്പുള്ള എൽ ക്ലാസ്സിക്കോ മത്സരങ്ങളോട് സിറ്റി-ലിവർപൂൾ മത്സരത്തെ ഉപമിച്ച് പെപ്!

ഇന്ന് എഫ്എ കപ്പിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8 മണിക്ക് വേംബ്ലിയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഈ ആഴ്ച്ചയിൽ ഇത് രണ്ടാം തവണയാണ് ലിവർപൂളും സിറ്റിയും കൊമ്പുകോർക്കുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഇരു ടീമുകളും രണ്ടുഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞിരുന്നു.

ഏതായാലും ലിവർപൂളിനെതിരെയുള്ള ഈ തുടർച്ചയായ മത്സരങ്ങൾ എന്തിനെയെങ്കിലും ഓർമ്മിപ്പിക്കുന്നുണ്ടോ എന്നുള്ള ഒരു ചോദ്യം പെപ്പിനോട് ചോദിക്കപ്പെട്ടിരുന്നു.11 വർഷങ്ങൾക്ക് മുമ്പ് ഹോസെ മൊറിഞ്ഞോയുടെ റയലിനെതിരെ തുടർച്ചയായി നടന്ന നാല് എൽ ക്ലാസിക്കോ മത്സരങ്ങളെ കുറിച്ചാണ് പെപ് സംസാരിച്ചത്.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

” ബാഴ്സലോണയിൽ ഇത്പോലെ യൊരു സമയം ഉണ്ടായിരുന്നു.10 ദിവസത്തിനിടയിൽ ഞങ്ങൾ റയലിനെ 4 തവണയാണ് നേരിട്ടത്. ഒരേ ടീമിനെതിരെ ഞങ്ങൾ ഒരിക്കൽ കൂടി പോരാടുന്നത് ഇത് രണ്ടാം തവണയാണ് ” ഇതാണ് പെപ് ഗ്വാർഡിയോള ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

യഥാർത്ഥത്തിൽ 17 ദിവസങ്ങൾക്കിടയിലാണ് പെപ്പിന്റെ ബാഴ്സ അന്ന് മൊറിഞ്ഞോയുടെ റയലിനെ അന്ന് നാല് തവണ നേരിട്ടത്.ലീഗിൽ നടന്ന മത്സരത്തിൽ റയലിനെ സമനിലയിൽ തളച്ചുകൊണ്ട് കിരീടം ഉറപ്പിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു. പിന്നീട് ചാമ്പ്യൻസ് ലീഗ് സെമിയിൽ രണ്ടുതവണ എൽ ക്ലാസ്സിക്കോ അരങ്ങേറി. രണ്ടിലും വിജയം ബാഴ്സക്കൊപ്പമായിരുന്നു. പക്ഷേ പിന്നീട് നടന്ന കോപ ഡെൽ റേ ഫൈനലിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ട് ബാഴ്സ കിരീടം അടിയറവ് വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *