ബാഴ്സക്കെതിരായ കേസിൽ നെയ്മർ തോറ്റു !

2017-ൽ വേൾഡ് റെക്കോർഡ് തുകക്കായിരുന്നു സൂപ്പർ താരം നെയ്‌മർ ജൂനിയർ ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ ബാഴ്‌സയെ പൂർണ്ണമായും പിടിവിടാൻ താരം ഒരുക്കമായിരുന്നില്ല. ബാഴ്സയുടെ പക്കലിൽ നിന്നും തനിക്ക് ലോയൽറ്റി ബോണസ് ലഭിക്കാനുണ്ടെന്ന് നെയ്‌മർ അവകാശപ്പെടുകയായിരുന്നു. എന്നാൽ ബാഴ്സ ഈ അവകാശവാദം നിഷേധിക്കുകയും താരത്തിന് പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ തന്റെ മുൻ ക്ലബിനെതിരെ താരം കേസ് ഫയൽ ചെയ്യുകയായിരുന്നു. 43.6 മില്യൺ യുറോ തനിക്ക് ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു നെയ്മർ കേസ് ഫയൽ ചെയ്തത്. ഏകദേശം മൂന്ന് വർഷത്തിന് ശേഷം കോടതി ഈ കേസിൽ വിധി പുറപ്പെടുവിച്ചു. ബാഴ്സക്ക് അനുകൂലമായാണ് വിധി വന്നത്. കേസിൽ പരാജയപ്പെട്ടതോടെ നല്ലൊരു തുക തന്നെ താരത്തിനോട് ബാഴ്സക്ക് നൽകാൻ ക്ലബ് ആവിശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന്, അതായത് വെള്ളിയാഴ്ച്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധി പ്രകാരം നെയ്‌മർ ജൂനിയർ ബാഴ്സക്ക് 6.7 മില്യൺ യുറോ നൽകണം. ഇത് താരത്തിനെ സംബന്ധിച്ചെടുത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്. ബാഴ്സ തന്നെയാണ് തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ ഈ കോടതി വിധി പുറംലോകത്തെ അറിയിച്ചത്. മുൻപ് നെയ്‌മർ ബാഴ്സയിലേക്ക് തിരികെ വരുന്നെന്നുള്ള വാർത്തകൾ പ്രചരിച്ച സമയത്തും ഈ കേസ് ചർച്ചാവിഷയമായിരുന്നു. തിരികെ ബാഴ്സയിലെത്താൻ ക്ലബ്‌ താരത്തോട് കേസ് പിൻവലിക്കാൻ ആവിശ്യപ്പെട്ടിരുന്നുവെന്നും താരം അതിന് സമ്മതിച്ചുവെന്നുള്ള ഊഹാപോഹങ്ങൾ ഒക്കെ പരന്നിരുന്നു. ഏതായാലും മൂന്ന് വർഷത്തോളം ഇരുവർക്കും തലവേദന സൃഷ്ടിച്ച കേസാണ് വിധിയായത്.എന്നിരുന്നാലും നെയ്മർക്ക് കേസിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *