ലോകത്തിലെ മികച്ച ഡിഫൻഡർ വാൻ ഡൈക്കല്ല, മൂന്ന് പേർ താരത്തിനും മുകളിലെന്ന് റീചാർലീസൺ

പ്രീമിയർ ഞായറാഴ്ച്ച ലിവർപൂൾ എവെർട്ടണിനെ നേരിടുന്നതിന് മുൻപ് തന്നെ വാക്ക് പോര് ആരംഭിച്ചിരിക്കുകയാണ് താരങ്ങൾ. ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈക്കിനെയാണ് എവെർട്ടൺ മുന്നേറ്റനിര താരം റിച്ചാർലീസൺ ചൊടിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർ വാൻ ഡൈക്ക് അല്ലെന്നും എന്തെന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തെ ഡ്രിബിൾ ചെയ്യാൻ തനിക്ക് സാധിച്ചിരുന്നുവെന്നുമാണ് റിച്ചാർലീസൺ പ്രസ്താവിച്ചത്. വാൻ ഡൈക്കിനേക്കാൾ മികച്ച മൂന്ന് ഡിഫൻഡർമാർ നിലവിലുണ്ടെന്നും ബ്രസീലിയൻ താരം പറഞ്ഞു. സെർജിയോ റാമോസ്, ബ്രസീലിൽ തന്റെ സഹതാരങ്ങളായ തിയാഗോ സിൽവ, മാർകിഞ്ഞോസ് എന്നിവരെല്ലാം തന്നെ വാൻ ഡൈക്കിന് മുകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെസിംപിഡിഡൊസിന് നൽകിയ അഭിമുഖത്തിലാണ് റിച്ചാർലീസൺ താരത്തെ കുറിച്ച് സംസാരിച്ചത്.

” ആളുകൾ അദ്ദേഹത്തെ കുറിച്ച് കൂടുതലായി സംസാരിക്കുന്നത് കാണുന്നുണ്ട്. തീർച്ചയായും അദ്ദേഹം മഹത്തായ ഒരു ഡിഫൻഡർ തന്നെയാണ്. പക്ഷെ ഞാൻ അദ്ദേഹത്തെ ഡ്രിബിൾ ചെയ്തു മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പുറത്ത്, ലോകത്തെ മികച്ച മൂന്ന് ഡിഫൻഡർമാരിൽ ഒരാളായി പലരും അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് കണ്ടു. എന്നാൽ എന്നെ സംബന്ധിച്ചെടുത്തോളം താരത്തെക്കാൾ മികച്ച മൂന്ന് ഡിഫൻഡർമാർ ഇപ്പോൾ കളിക്കുന്നുണ്ട്. സെർജിയോ റാമോസ്, തിയാഗോ സിൽവ, മാർക്കിഞ്ഞോസ് എന്നിവരാണവർ ” അഭിമുഖത്തിൽ താരം പറഞ്ഞു. ഇന്ത്യൻ സമയം ഞായർ രാത്രി പതിനൊന്നര മണിക്കാണ് മത്സരം. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ലിവർപൂൾ പന്ത്രണ്ടാമതുള്ള എവെർട്ടണെ കീഴടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *