എന്താണ് വേൾഡ് കപ്പിൽ അഗ്വേറോയുടെ റോൾ? സ്‌കലോണി പറയുന്നു!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ എതിരാളികൾ വെനിസ്വേലയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് അർജന്റീനയുടെ മൈതാനത്ത് വച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പരിശീലകനായ ലയണൽ സ്‌കലോണി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.

കൂട്ടത്തിൽ മുൻ സൂപ്പർ താരം സെർജിയോ അഗ്വേറോയെ കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.വരുന്ന ഖത്തർ വേൾഡ് കപ്പിന് അർജന്റൈൻ ടീമിനൊപ്പം അഗ്വേറോ ഉണ്ടാവുമെന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ ഒരു കാര്യമാണ്.അദ്ദേഹത്തിന്റെ ടീമിലെ റോളിനെ കുറിച്ചാണ് സ്‌കലോണി ഇപ്പോൾ വിശദീകരിച്ചിട്ടുള്ളത്.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇവിടെ വലിയ രൂപത്തിലുള്ള സ്വീകാര്യത അഗ്വേറോക്കുണ്ട് എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ റോൾ എന്താണ് എന്നതിനെക്കുറിച്ച് ഞങ്ങൾ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. അല്ലാതെ അദ്ദേഹം ഇവിടെ വരുന്നതിൽ കാര്യമില്ലല്ലോ? എന്താണ് അദ്ദേഹത്തിൽ നിന്നും എനിക്ക് വേണ്ടത് എന്നുള്ളത് വളരെ കൃത്യമാണ്. ഞങ്ങൾ അതേക്കുറിച്ച് സംസാരിച്ചു.അവൻ ടീമിനൊപ്പമുണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു. വേൾഡ് കപ്പിൽ സംഭവിക്കാവുന്ന എന്ത് പ്രശ്നങ്ങളിലും ടീം അംഗങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ അദ്ദേഹം ടീമിനൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത്. താരങ്ങളുമായി അടുപ്പമുള്ള ഒരാൾക്ക് സാധാരണ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.അതിന് വേണ്ടിയാണ് അദ്ദേഹം ടീമിനൊപ്പമുണ്ടാവുക.അർജന്റൈൻ ഫുട്ബോളിനെ പ്രതിനിധീകരിക്കാൻ അഗ്വേറോയേക്കാൾ മികച്ച ഇമേജ് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് സ്‌കലോണി പറഞ്ഞത്.

കഴിഞ്ഞ വർഷം അർജന്റീനയോടൊപ്പം കോപ്പ അമേരിക്ക കിരീടം ചൂടാൻ അഗ്വേറോക്ക് സാധിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *