വേൾഡ് കപ്പിൽ ബ്രസീലിന് ഭീഷണി ഈ രണ്ടു ടീമുകൾ : തുറന്ന് പറഞ്ഞ് റിച്ചാർലീസൺ
ഈ മാസം രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക.ചിലിയും ബൊളീവിയയുമാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ ബ്രസീലിയൻ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർതാരമായ റിച്ചാർലീസൺ ഒരിടവേളക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്.
ഏതായാലും ടീമിൽ ഇടംനേടാനായതിനുള്ള സന്തോഷം റിച്ചാർലീസൺ പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രസീലിനു വേണ്ടി കളത്തിൽ ജീവൻ വരെ നൽകാൻ താൻ തയ്യാറാണ് എന്നാണ് താരം പറഞ്ഞത്.കൂടാതെ വേൾഡ് കപ്പിൽ ബ്രസീലിന് ഭീഷണിയാകാൻ പോകുന്നത് അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്നും റിച്ചാർലീസൺ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” കഴിഞ്ഞ രണ്ട് മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ എനിക്ക് വലിയ വേദനയുണ്ടായിരുന്നു. പക്ഷേ എന്നെക്കാൾ അർഹരായവർ അവിടെയുണ്ട് എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇപ്പോൾ ടീമിൽ ഇടം നേടാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ ഒരുപക്ഷേ മികച്ച താരമല്ലായിരിക്കാം, എന്നാൽ കളത്തിൽ ബ്രസീലിനു വേണ്ടി ജീവൻ വരെ നൽകാൻ തയ്യാറാണ് ” ഇതാണ് റിച്ചാർലീസൺ ടീമിൽ മടങ്ങിയെത്തിയതിനെക്കുറിച്ച് പറഞ്ഞത്.
— Murshid Ramankulam (@Mohamme71783726) March 19, 2022
അതേസമയം വേൾഡ് കപ്പിലെ ബ്രസീലിന്റെ ഭീഷണികളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.
” ഫ്രാൻസ് ഒരു പ്രധാനപ്പെട്ട എതിരാളികളാണ്. നിലവിലെ ചാമ്പ്യൻമാരാണ് അവർ.കൂടാതെ ഞങ്ങളുടെ ചിരവൈരികളായ അർജന്റീനയും. പക്ഷേ അർജന്റീനക്കെതിരെ എപ്പോഴും ബ്രസീൽ നല്ല രൂപത്തിൽ കളിക്കാറുണ്ട്. ഞങ്ങൾക്ക് രണ്ട് ടീമുകൾക്കും പരസ്പരം നന്നായി അറിയാം. അവർക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് എന്നുള്ളത് ഞങ്ങൾക്കറിയാം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ അർജന്റീന ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഒരു വലിയ അപരാജിത കുതിപ്പ് അവർ ഇപ്പോൾ നടത്തുന്നുണ്ട്. അർജന്റീനയെയും ഫ്രാൻസിനെയും നേരിടുന്ന ഏതൊരു ടീമും ബുദ്ധിമുട്ടും എന്നുറപ്പാണ് ” ഇതാണ് റിച്ചാർലീസൺ പറഞ്ഞത്.
വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരാണ് ബ്രസീൽ.നേരത്തെ തന്നെ ബ്രസീൽ ഖത്തർ വേൾഡ് കപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.