ചാമ്പ്യൻസ് ലീഗിലെ പുറത്താവലും കാണികളുടെ കൂവലും,ഒടുവിൽ മൗനം വെടിഞ്ഞ് നെയ്മർ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു പിഎസ്ജിപുറത്തായത്. ഇതിന് ശേഷം നടന്ന ലീഗ് വൺ മത്സരത്തിനിടെ പിഎസ്ജി ആരാധകർ തന്നെ സ്വന്തം താരങ്ങളെ കൂവി വിളിച്ചിരുന്നു. സൂപ്പർതാരങ്ങളായ മെസ്സിക്കും നെയ്മർക്കുമാണ് കൂവൽ ഏൽക്കേണ്ടിവന്നത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.
ഏതായാലും ദിവസങ്ങൾക്കുശേഷം ഈ വിഷയങ്ങളിലുള്ള തന്റെ പ്രതികരണമിപ്പോൾ നെയ്മർ ജൂനിയർ പങ്കുവെച്ചിട്ടുണ്ട്. അതായത് സങ്കീർണമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് നെയ്മർ പറഞ്ഞത്. ആത്മാർത്ഥതയോട് കൂടി തന്നെയാണ് കളിച്ചതെന്നും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നെയ്മർ കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു താരം.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
‘Complicated Days’ – Neymar Breaks Silence After UCL Elimination, Being Booed at Home https://t.co/21iV4CG52t
— PSG Talk (@PSGTalk) March 18, 2022
” ഇത് സങ്കീർണമായ ദിവസങ്ങളാണ്, സങ്കീർണ്ണമായ ഒരു ആഴ്ച്ചയാണ്. ഞങ്ങൾ തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതിന് വേണ്ടിയായിരുന്നില്ല ഞങ്ങൾ അവിടെ എത്തിയത്. അത് ഞങ്ങൾ കണക്കുകൂട്ടിയിരുന്നുമില്ല. അതിനു വേണ്ടിയല്ല ആരും കളത്തിലിറങ്ങിയത്. ഞങ്ങൾ സ്വയം സമർപ്പിച്ചിരുന്നു. ആത്മാർത്ഥതയോടെയായിരുന്നു മത്സരത്തെ സമീപിച്ചിരുന്നത്. അതിനുവേണ്ടി പരിശീലനവും നടത്തിയിരുന്നു. ഞാനൊരു പരിക്കിൽ നിന്നാണ് വരുന്നത്. എന്നിട്ടും ഞാൻ സർവതും സമർപ്പിച്ചു. തോൽക്കേണ്ടി വന്നാലും ഞാൻ ടീമിനൊപ്പം ഉണ്ടാവും. ഒരു കായികതാരത്തിന്റെ ജീവിതം അങ്ങനെയാണ്. ഒരുനാൾ നിങ്ങൾക്കത് മനസ്സിലാകും. പക്ഷേ എല്ലാം പെട്ടെന്ന് തന്നെ മാറ്റാൻ ഒരു താരത്തിന് സാധിക്കും. അതാണ് ഫുട്ബോളിന്റെ പ്രത്യേകത ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
ലീഗ് വണ്ണിൽ ഇനി പിഎസ്ജിയുടെ എതിരാളികൾ മൊണോക്കോയാണ്. ഞായറാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 5:30-നാണ് ഈയൊരു മത്സരം നടക്കുക.