മെസ്സിയുടെയും റൊണാൾഡോയുടെയും നീക്കം അബദ്ധമായി പോയി : അനൽക്കെ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ ക്ലബ്ബുകൾ മാറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയപ്പോൾ മെസ്സി പിഎസ്ജിയിലേക്കാണ് ചേക്കേറിയത്.എന്നാൽ രണ്ട് പേർക്കും കാര്യങ്ങൾ ബുദ്ധിമുട്ടാവുകയായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ഇരുവരും ഇപ്പോൾ പുറത്തായിട്ടുണ്ട്.
ഏതായാലും ഇരുവരും ക്ലബ്ബുകൾ മാറിയത് അബദ്ധമായി എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണിപ്പോൾ മുൻ ഫ്രഞ്ച് താരമായ നിക്കോളാസ് അനൽക്കെ.അതായത് കരിയറിന്റെ അവസാനത്തിൽ കൂടുതൽ എളുപ്പമുള്ള ലീഗുകളോ ക്ലബ്ബുകളോ എടുക്കേണ്ടിയിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അനൽക്കെയുടെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 18, 2022
” കൂടുതൽ കാലം കളിക്കാൻ ആഗ്രഹിക്കുന്ന താരങ്ങൾക്കൊക്കെ സംഭവിക്കുന്നത് ഇതാണ്.ഇരുവരുടെയും കരിയറുകൾ തീർന്നിട്ടുണ്ട്.പക്ഷെ കഴിഞ്ഞ 15 വർഷത്തെ കാര്യത്തിൽ ഇരുവരും ഹാപ്പിയായിരിക്കും.ക്ലബ് മാറിയ കാര്യത്തിൽ ഇരു താരങ്ങളും അബദ്ധമാണ് കാണിച്ചത്.സങ്കീർണ്ണത കുറവുള്ള വെല്ലുവിളികളെയായിരുന്നു ഇവർ ഏറ്റെടുക്കേണ്ടിയിരുന്നത്.കാരണം കരിയർ ഏറ്റവും ഉയർന്ന നിലയിൽ ഫിനിഷ് ചെയ്യണമെങ്കിൽ നിങ്ങൾ ശരിയായ തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നു.32,33,34 വയസ്സുകളിൽ വിരമിക്കാൻ മടിക്കാത്ത താരങ്ങളുണ്ട്. അവരെ വിമർശിക്കേണ്ട കാര്യമൊന്നുമില്ല. ഞാൻ മുപ്പത്തിയാറാം വയസ്സിലാണ് വിരമിച്ചത്.32-ആം വയസ്സിൽ ഞാൻ ചൈനയിലായിരുന്നു ” ഇതാണ് അനൽക്കെ പറഞ്ഞത്.
ബാഴ്സ വിട്ട് കൊണ്ട് പിഎസ്ജിയിൽ എത്തിയ മെസ്സിക്കിപ്പോൾ വയസ്സ് 34 ആണ്.അതേസമയം യുവന്റസ് വിട്ട് യുണൈറ്റഡിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോക്ക് വയസ്സ് 37 ആണ്.