ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് കാസമിറോ :മനസ്സ് തുറന്ന് ബുസ്ക്കെറ്റ്സ്!

ലാലിഗയിൽ ഇനി നടക്കുന്ന 29-ആം റൗണ്ട് പോരാട്ടത്തിൽ എൽ ക്ലാസ്സിക്കോ മത്സരമാണ്.വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും പരസ്പരം കൊമ്പുകോർക്കുക.റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്താൻ റയലിന് സാധിച്ചിരുന്നു.

ഏതായാലും റയൽ മാഡ്രിഡ് താരമായ കാസമിറോയെ കുറിച്ച് ചില കാര്യങ്ങൾ ബാഴ്സയുടെ മധ്യനിര താരമായ സെർജിയോ ബുസ്ക്കെറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. അതായത് താൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് കാസമിറോ എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നു ഇങ്ങനെയാണ്.

“കാസമിറോ മികച്ച താരമല്ല എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ നിങ്ങൾ അദ്ദേഹത്തിലേക്ക് നോക്കുക.അദ്ദേഹത്തിന്റെ റെക്കോർഡുകൾ എന്തൊക്കെയാണെന്നും അദ്ദേഹം ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾ പരിശോധിക്കുക. അദ്ദേഹത്തിന്റെ മത്സരങ്ങൾ കാണുക.പലപ്പോഴും ഡിഫൻസീവ് മിഡ്‌ഫീൽഡർമാർ അവഗണിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. കാരണം ആളുകൾ എപ്പോഴും ഗോളുകളിലും അസിസ്റ്റുകളിലുമൊക്കെയാണ് ശ്രദ്ധ നൽകാറുള്ളത്. പക്ഷേ ടീമിന്റെ വളരെ പ്രധാനപ്പെട്ട റോൾ ഞങ്ങൾ വഹിക്കുന്നുണ്ട്. മധ്യത്തിൽ നിന്നുകൊണ്ട് എല്ലാത്തിനെയും നിയന്ത്രിക്കുന്നു.ഞാൻ കാസമിറോയെ വളരെയധികം ഇഷ്ടപ്പെടുന്നു. എല്ലാ നല്ല താരങ്ങളെയും എനിക്കിഷ്ടമാണ്. റയൽ മാഡ്രിഡിൽ ഒരുപാട് മികച്ച താരങ്ങളുണ്ട്.പക്ഷെ സഹതാരങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുക. അവർക്കൊപ്പമാണ് ഞാൻ കളിക്കുകയും ജീവിക്കുകയും ചെയ്യുന്നത്.എന്നാൽ ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ മറ്റു കളിക്കാരെയും ടീമുകളെയും അഭിനന്ദിക്കാൻ എനിക്ക് കഴിയും ” ഇതാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.ബാഴ്സയിപ്പോൾ മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ ബാഴ്സക്കും റയലിനും ഇടയിൽ 15 പോയിന്റിന്റെ വ്യത്യാസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *