സലാഹോ വാൻഡൈക്കോ അല്ല, ലിവർപൂളിന്റെ തലവര മാറ്റിയത് ആലീസണെന്ന് മുൻ യുണൈറ്റഡ് ഇതിഹാസം

കഴിഞ്ഞ രണ്ട് വർഷത്തെ ലിവർപൂളിന്റെ വിജയകുതിപ്പിന് കാരണം വാൻ ഡൈക്ക് അല്ലെന്നും ലിവർപൂളിന്റെ തലവര മാറ്റികുറിച്ചത് ഗോൾ കീപ്പർ ആലിസൺ ബെക്കറാണെന്ന് അഭിപ്രായപ്പെട്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവില്ലെ. ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഇദ്ദേഹത്തിന്റെ അഭിമുഖം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ലിവർപൂളിന്റെ നിലവിലെ കിരീടവേട്ടക്ക് ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് ആലിസണാണെന്നും എന്നാൽ ആളുകൾ വാൻ ഡൈക്കിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. മുൻപ് ലിവർപൂളിന്റെ ഗോൾകീപ്പറെ മാറ്റണമെന്ന് താൻ ആവിശ്യപ്പെട്ടപ്പോൾ ക്ലോപ് തന്നോട് ദേഷ്യം കാണിക്കുകയായിരുന്നുവെന്നും എന്നാൽ അദ്ദേഹം ഗോൾകീപ്പറെ മാറ്റിയതോടെയാണ് കിരീടങ്ങൾ അദ്ദേഹത്തെ തേടിയെത്തിയതെന്നും നെവില്ലെ പറഞ്ഞു. ആലിസൺ തന്നെ ഓർമിപ്പിക്കുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർമാരായ ഷേംമിഷേലിനേയും വാൻ ടെർ സാറിനെയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” എന്റെ അഭിപ്രായത്തിൽ ആലിസണാണ് ലിവർപൂളിന് കിരീടങ്ങൾ നേടിക്കൊടുത്തത്. എല്ലാ ആളുകളും വാൻ ഡൈക്കിനെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ അദ്ദേഹം ഒരു ഘടകം മാത്രമാണ്. എന്നെ സംബന്ധിച്ചെടുത്തോളം ആലിസണാണ് ലിവർപൂളിന്റെ തലവര മാറ്റികുറിച്ചത്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ലിവർപൂളിന്റെ ഗോൾകീപ്പറെ ഞാൻ വിമർശിച്ചിരുന്നു. അന്നത്തെ ഗോൾകീപ്പറെ വെച്ച് ലിവർപൂളിന് ഒരിക്കലും കിരീടം നേടാൻ കഴിയില്ലെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ അന്ന് യുർഗൻ ക്ലോപ് എന്നോട് ദേഷ്യപ്പെടുകയും പരിഹസിക്കുകയുമാണ് ചെയ്തത്. പക്ഷെ വൈകാതെ തന്നെ ആലിസൺ വന്നു. അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചത് മുൻ യുണൈറ്റഡ് കീപ്പർമാരായ ഷേംമിഷേലിനേയും വാൻ ടെർ സാറിനെയുമാണ്. നിങ്ങളുടെ ഗോൾകീപ്പർ ക്ഷമാശീലനാവുകയും സേവുകൾ നടത്തുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു കീപ്പറാണെങ്കിൽ അത് ചെലുത്തുന്ന സ്വാധീനം വളരെ വലുതായിരിക്കും. വാൻ ഡൈക്ക് മികച്ചൊരു താരം തന്നെയാണ്. പക്ഷെ നിങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തെ പറ്റിയാണ് സംസാരിക്കുന്നതെങ്കിൽ തീർച്ചയായും അവിടെ സംഭവിച്ച വലിയൊരു മാറ്റം ആലിസണാണ് ” നെവില്ലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *