ആ പരിശീലകനെ കൊണ്ടു വരൂ : മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അലക്സ് ഫെർഗൂസൻ!
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്കിന്റെ പരിശീലകകരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.അതിന് ശേഷം യുണൈറ്റഡിൽ കൺസൾട്ടന്റായിട്ടായിരിക്കും റാൾഫ് തുടരുക. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ഒരു സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.മൗറിസിയോ പോച്ചെട്ടിനോ,എറിക് ടെൻ ഹാഗ്,ലൂയിസ് എൻറിക്വ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായ സർ അലക്സ് ഫെർഗൂസന് താല്പര്യം മറ്റൊരു പരിശീലകനോടാണ്.മറ്റാരുമല്ല, റയൽ മാഡ്രിഡ് ഇറ്റാലിയൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ പരിഗണിക്കണമെന്നാണ് ഇപ്പോൾ ഫെർഗൂസൻ യുണൈറ്റഡിനോട് ശുപാർശ ചെയ്തിട്ടുള്ളത്.ചെറിയ കാലയളവിലേക്ക് ആഞ്ചലോട്ടിയെ പരീക്ഷിക്കാനാണ് ഫെർഗൂസൻ താൽപര്യപ്പെടുന്നത്.ആഞ്ചലോട്ടിയുമായി വളരെയധികം അടുത്ത ബന്ധം വെച്ചുപുലർത്തുന്ന വ്യക്തിയാണ് ഫെർഗൂസൻ. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Man United are exploring short-term managerial options with Carlo Ancelotti identified as a potential candidate, sources have told @RobDawsonESPN 👀 pic.twitter.com/ViXLkuSayP
— ESPN FC (@ESPNFC) March 2, 2022
നിലവിൽ റയലിനെയാണ് ആഞ്ചലോട്ടി പരിശീലിപ്പിക്കുന്നത്. മികച്ച നിലയിൽ തന്നെയാണ് ലാലിഗയിൽ റയലുള്ളത്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ നടന്ന ആദ്യപാദ മത്സരത്തിൽ റയൽ പരാജയപ്പെട്ടിരുന്നു. മോശം പ്രകടനമായിരുന്നു റയിൽ കാഴ്ച വെച്ചിരുന്നത്.ഇതോടെ ആഞ്ചലോട്ടിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ആഞ്ചലോട്ടി ക്ലബ് വിടുന്നത് ആലോചിക്കുന്നുണ്ട് എന്ന റൂമറുകളും സജീവമായിരുന്നു.
മുമ്പ് പ്രീമിയർ ലീഗിൽ രണ്ട് ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയം ആഞ്ചലോട്ടിക്കുണ്ട്.ചെൽസി,എവെർട്ടൺ എന്നിവയാണ് ആ ക്ലബുകൾ. ചെൽസിയിൽ ആയിരുന്ന സമയത്ത് പ്രീമിയർ ലീഗ് കിരീടവും എഫ്എ കപ്പും ആഞ്ചലോട്ടി സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും അദ്ദേഹത്തിന്റെ പേരിലുണ്ട്.ഏതായാലും ഫെർഗൂസന്റെ നിർദേശത്തിന് ചെവി കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഞ്ചലോട്ടിയെ കൊണ്ടുവരുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.