ഡബിളടിച്ച് വാസ്ക്കസ്,’മെസ്സി സ്റ്റൈൽ’ ഗോളുമായി സഹൽ,തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന്റെ കയ്യെത്തുംദൂരത്ത്!
ഐഎസ്എല്ലിൽ ഒരല്പം മുമ്പുനടന്ന പത്തൊമ്പതാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സിയെ ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടത്. ഇരട്ട ഗോളുകൾ നേടിയ അൽവാരോ വാസ്ക്കസും നയന മനോഹരമായ ഗോൾ നേടിയ സഹൽ അബ്ദു സമദുമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ശിൽപ്പികൾ. മുംബൈയുടെ ആശ്വാസഗോൾ മൗറിഷിയോയുടെ വകയായിരുന്നു.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി.19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽനിന്ന് 31 പോയിന്റുള്ള മുംബൈയാണ് അഞ്ചാമത്.
സന്ദീപ് സിംഗ്,ആയുഷ് അധികാരി എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിലാണ് സഹൽ ഒരു ‘മെസ്സി സ്റ്റൈൽ ‘ ഗോൾ നേടിയത്.മുംബൈയുടെ അഞ്ചോളം വരുന്ന പ്രതിരോധനിര താരങ്ങളെ കബളിപ്പിച്ചു കൊണ്ടായിരുന്നു സഹൽ അതിസുന്ദരമായ ഗോൾ കരസ്ഥമാക്കിയത്.
Objective for the night: achieved ✅
— K e r a l a B l a s t e r s F C (@KeralaBlasters) March 2, 2022
WE MOVE! ✊🟡#KBFCMCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/wUWHICIQ23
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് വാസ്ക്കസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ കരസ്ഥമാക്കിയത്.തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വാസ്ക്കസ് ഒരു പിഴവും കൂടാതെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
രണ്ടാംപകുതിയിൽ അറുപതാം മിനിറ്റിൽ വാസ്കസിന്റെ അടുത്ത ഗോളും പിറന്നു.മുംബൈ ഗോൾ കീപ്പർ നവാസ് വരുത്തിവെച്ച പിഴവ് വാസ്ക്കസ് മുതലെടുക്കുകയായിരുന്നു.71-ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് പെനാൽറ്റി വഴങ്ങിയത്.മൗറിഷിയോ അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. നിരവധി അവസരങ്ങളാണ് പിന്നീടും ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. എന്നാൽ ഗോൾ നേടാൻ കഴിഞ്ഞില്ല. ഇനി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.