ഒടുവിൽ ഒരു ടോപ് ഡിഫന്ററെ ടോട്ടൻഹാമിന് ലഭിച്ചു: റൊമേറോയെ കുറിച്ച് കാരഗർ!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ടോട്ടൻഹാം പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോട്ടൻഹാമിന്റെ പ്രതിരോധനിര മികച്ച പ്രകടനം നടത്തിയിരുന്നു. പ്രത്യേകിച്ച് അർജന്റൈൻ സൂപ്പർതാരമായ ക്രിസ്ത്യൻ റൊമേറോ അതിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്തിരുന്നു.
ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ലിവർപൂളിന്റെ ഇതിഹാസമായ ജാമി കാരഗർ രംഗത്തു വന്നിട്ടുണ്ട്.ഒടുവിൽ ടോട്ടൻഹാമിന് ഒരു ടോപ് ഡിഫന്ററെ കിട്ടി എന്നാണ് കാരഗർ അഭിപ്രായപ്പെട്ടത്. മത്സരശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാരഗറുടെ വാക്കുകൾ ഇങ്ങനെയാണ്.
Jamie Carragher on Cristian Romero: "I think Spurs have got a really top defender." https://t.co/Yu3vGASdSI
— Mundo Albiceleste 🇦🇷 (@MundoAlbicelest) February 21, 2022
” ക്രിസ്ത്യൻ റൊമേറോ ശരിക്കും എന്നെ അതിശയപ്പെടുത്തി.ഇപ്പോഴാണ് ശരിക്കും ടോട്ടൻഹാമിന് ഒരു ടോപ് ഡിഫന്ററെ കിട്ടിയത് എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.എറിക് ഡയർ- ക്രിസ്ത്യൻ റൊമേറോ കൂട്ടുകെട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ബോക്സിലേക്ക് വരുന്ന ഓരോ ബോളുകളും ഡിഫൻഡർമാർ തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. കളത്തിൽ ഉള്ളവരെ പോലെ റൊമേറോയും മികച്ച പ്രകടനമാണ് നടത്തിയത് ” ഇതാണ് കാരഗർ പറഞ്ഞത്.
ഈ സീസണിലായിരുന്നു റൊമേറോ അറ്റലാന്റ വിട്ടുകൊണ്ട് ടോട്ടൻഹാമിൽ എത്തിയത്.ഇതുവരെ പ്രീമിയർലീഗിൽ 10 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളത്. അതേസമയം അർജന്റീനക്ക് വേണ്ടി 11 മത്സരങ്ങൾ ആകെ കളിച്ച താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.